2019 ഫെബ്രുവരി 20, ബുധനാഴ്‌ച

ചൈന - ഇന്ത്യ താരതമ്യം

ഇപ്പോൾ സോഷ്യൽ മീഡിയയിലുള്ള ഷവോമി ടി. വി. -യുടെ പരസ്യത്തിനെതിരേ 'ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക' എന്നും പറഞ്ഞുള്ള ക്യാമ്പയിൻ കണ്ടു. നല്ല കാര്യമാണിത്. പക്ഷെ ഇങ്ങനെ ക്യാമ്പയിൻ നടത്തുന്ന ദേശ സ്നേഹികൾ ഷവോമി സ്മാർട്ട് ഫോൺ ഇന്ത്യയിൽ വിൽപ്പന തുടങ്ങിയപ്പോൾ ഡിമാൻഡ് കൂടി വെബ്‌സൈറ്റ് തന്നെ 'ക്രാഷ്' ചെയ്യുകയായിരുന്നു എന്ന യാഥാർഥ്യവും കൂടി കാണണം. ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് ഫോൺ ഷവോമി തന്നെ. പണ്ട് മഹാത്മാ ഗാന്ധി 'വിദേശ വസ്ത്ര ബഹിഷ്കരണം' നടത്തിയപ്പോൾ പലരും തങ്ങളുടെ കയ്യിലിരുന്ന കോട്ടും സൂട്ടുമൊക്കെ വലിച്ചെറിഞ്ഞു കത്തിക്കാൻ തയാറായി. സ്വാതന്ത്ര്യ സമരകാലത്ത് 'വിദേശ വസ്ത്ര ബഹിഷ്കരണം' നടത്തിയത് പോലെ ഇന്ന് ദേശ സ്നേഹത്തിനായി 'ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക' എന്നും പറഞ്ഞുള്ള ക്യാമ്പയിൻ വന്നാൽ എത്ര പേര് തങ്ങളുടെ കയ്യിലുള്ള ചൈനീസ് സ്മാർട്ട് ഫോണുകൾ വലിച്ചെറിയാൻ തയാറാകും എന്ന് ദേശസ്നേഹികൾ ചിന്തിക്കുന്നത് നന്നായിരിക്കും. സ്വാതന്ത്ര്യ സമരകാലത്തെ ഇന്ത്യയല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ.

ഗുണ മേന്മയും, വിലക്കുറവും ഉള്ള ചൈനീസ് മൊബയിലുകൾ, ലാപ്ടോപ്പ്, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ഇലട്രോണിക്ക് ഉപകരണങ്ങൾ - ഇവയോക്കെ കൂടാതെ ഇപ്പോൾ ചൈനയുടെ മുന്തിയ കാർ നിർമാതാക്കളായ SAIC ഇന്ത്യൻ മാർക്കറ്റിലേക്ക് കടക്കുകയാണ്. ജെനെറൽ മോട്ടോഴ്‌സിൽ നിന്ന് തങ്ങളുടെ കാർ നിർമാണം ആരംഭിക്കുവാൻ വേണ്ടി ഗുജറാത്തിലെ ഫാക്റ്ററി SAIC 2014- ൽ വാങ്ങിച്ചിരുന്നു. രണ്ടു വർഷത്തിനുള്ളിൽ ചൈനീസ് കാറും ചൈനീസ് ടി. വി., ചൈനീസ് മെബൈൽ - എന്നിവയൊക്കെ കൂടാതെ ഇന്ത്യൻ മാർക്കറ്റിൽ എത്തും. 5000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ കാർ നിർമാണത്തിൽ ഇതിനോടകം തന്നെ ചൈനീസ് കമ്പനി 2000 കോടി മുടക്കി കഴിഞ്ഞു.

ചൈനയുടെ രാഷ്ട്രീയം വേറെ - ഉൽപ്പാദനവും, വിപണന തന്ത്രങ്ങളും വേറെ - ദേശസ്നേഹം പറയുന്ന ഇൻഡ്യാക്കാരിൽ പലരും ഇത് മനസിലാക്കുന്നില്ല. 1963- ലെ അതിർത്തി നിർണയ പ്രകാരം പാക്കിസ്ഥാൻ പാക് അധിനിവേശ കാശ്മീരിലെ 5180 സ്‌കൊയർ കിലോമീറ്റർ പാക്കിസ്ഥാൻ ചൈനക്ക് വിട്ടുകൊടുത്തു. പാക് അധിനിവേശ കാശ്മീരിലെ  'ഷക്സ്ഗം വാലി' അങ്ങനെ ചൈനയുടെ കയ്യിലായി. അതിൽ പിന്നെ ചൈന പാക്കിസ്ഥാനെ എപ്പോഴും പിന്തുണയ്ക്കുന്നതായാണ് കാണുന്നത്. പാക്കിസ്ഥാൻ ഒരു ആണവ രാജ്യമായതും ചൈനീസ് പിന്തുണയോട് തന്നെ. പാക്കിസ്ഥാനിലെ 'ഗ്വാഡർ തുറമുഖം' നിർമിക്കുന്നതും ചൈന തന്നെ. ഇതൊക്കെ കൊണ്ടാണെന്നാണ് ചൈന ഐക്യ രാഷ്ട്ര രക്ഷാ സമിതിയിൽ ഇപ്പോൾ പുൽവാമയിലെ ആക്രമണം നടത്തിയ ജെയ്ഷ്  ഇ മുഹമ്മദ്' തലവനായ അഷറിന് വേണ്ടി  2017-ൽ വീറ്റോ പ്രയോഗം നടത്തിയത്.

ഡൊണാൾഡ്  ട്രംപ്പ് പ്രസിഡൻറ്റ് ആയതിൽ പിന്നെ അമേരിക്കയിൽ നിന്ന് വലിയ സഹായമൊന്നും പാക്കിസ്ഥാന് കിട്ടുന്നില്ല. ചൈനയുടെ സഹായമില്ലെങ്കിൽ പാക്കിസ്ഥാന് ഇന്നു നിലനിൽപ്പ് തന്നെ സാധ്യമല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പൊയ്കൊണ്ടിരിക്കുന്നത്. പക്ഷെ ചൈനീസ് ഉൽപ്പാദന മികവിന് ഇന്ത്യക്ക് ഒരു മറുപരിഹാരം ഇല്ലാതെ വെറുതെ ചൈനീസ് ഉൽപന്നങ്ങളെ തള്ളി പറയുന്നത് യാഥാർഥ്യ ബോധത്തിന് നിരക്കുന്നതല്ല. ചൈനയുടെ സോഷ്യൽ മീഡിയയിലെ വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഒക്കെ ഇൻഡ്യാക്കാരാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഉപയോഗിക്കുന്ന 500 മില്യൺ ആളുകളിൽ ഏതാണ്ട് 39 ശതമാനം ഇൻഡ്യാക്കാരാണ് എന്നാണ് കണക്കുകൾ പറയുന്നത്. ചൈനീസ് കമ്പനികൾ ഇപ്പോൾ ഡിജിറ്റൽ ടെക്നോളജിയിലൂടെ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലും അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 2017 - ൽ മാത്രം ചൈനീസ് കമ്പനികൾ 2 ബില്യൺ ഡോളർ ഇന്ത്യയിലെ 'സ്റ്റാർട്ട്-അപ്പുകൾക്ക്' വേണ്ടി മുടക്കി. അതൊക്കെ ഉപേക്ഷിക്കുവാൻ ഇൻഡ്യാക്കാർ തയാറാകുമോ??? ഇനി ഉപേക്ഷിച്ചു കഴിഞ്ഞാൽ മറ്റെന്താണ് പകരം വെക്കാനുള്ളത്??? 2018 അവസാനിച്ചപ്പോൾ ഇന്ത്യയിലെ 'സ്മാർട്ട് ഫോൺ' വിപണിയിലെ 60 ശതമാനവും ചൈനീസ് കമ്പനികൾ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ.

ചൈനയിലേതു പോലെ ഇലക്രോണിക്സ്-ഡിജിറ്റൽ-ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ് മേഖലയിലെ വളർച്ച നേടാനാണ് നാം ശ്രമിക്കേണ്ടത്. ചൈന ഇപ്പോൾ റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിലും, ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിലും, ഇൻഫ്രാസ്ട്രക്ച്ചറിലും ഒക്കെ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. ഇന്നത്തെ ചൈനയുടെ GDP ഏതാണ്ട് ഒരു കോടി മില്യൺ US ഡോളറാണ്. ഇന്ത്യയുടെയാകട്ടെ ഏകദേശം 20 ലക്ഷം മില്യൺ US ഡോളറിൻറ്റെ മുകളിലും. ഇന്ത്യയുടെ GDP-യുടെ ഏകദേശം അഞ്ചിരട്ടിയുടെ മുകളിലാണ് ചൈനയുടെ GDP. ഒരു വർഷത്തെ ചൈനയുടെ പ്രോഡക്ട് & സർവീസ് കയറ്റുമതി  ശരാശരി 60 ബില്യൺ ഡോളറിലും കൂടുതൽ ആണ്. ഇന്ത്യയുടെ വെറും 11 ബില്യൺ ഡോളറിൻറ്റെ മാത്രം. ചൈനയുടെ ഉൽപാദന രംഗത്തെ വളർച്ച അറിയാൻ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികൾക്ക് കളിപ്പാട്ടം വിൽക്കുന്ന കടയിലോ പോയാൽ മതി. ചൈനീസ് വളർച്ചയുടെ മറ്റൊരു കാര്യം ചൈനയുടെ വളർച്ച ഉൽപാദനം കൊണ്ടുള്ളതാണ് എന്നാണ്. ഇന്ത്യയുടേത് സർവീസസ് -  അതായത് കൃഷിയും വ്യവസായവും കൂടാതെ സേവന മേഖലയിലെ കണക്കും കൂടെ കൂട്ടി ആണ്. തൊഴിൽ അന്വേഷിച്ച് ചൈനാക്കാരൻ അലഞ്ഞു നടക്കുന്നത് വരെ അവരുടെ നാട്ടിൽ  ദാരിദ്ര്യം ഇല്ല.  ഇന്ത്യയിലെ പോലെ ഹത ഭാഗ്യരായ ചെറുപ്പക്കക്കാർ സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുന്നതുപോലുള്ള രാഷ്ട്രീയ നാടകമൊന്നും ചൈനയിൽ ഉൽപാദനം തകൃതിയായി നടക്കുമ്പോൾ സംഭവിക്കില്ല. ചൈനയിൽ ഗ്രാമങ്ങളിൽ നിന്ന് ആളുകൾ നഗരങ്ങളിലേക്കും, ഉൽപാദന മേഖലകളിലേക്കും കുടിയേറുന്നത് മെച്ചപ്പെട്ട വേതനം പ്രതീക്ഷിച്ചാണ്; അല്ലാതെ ഇന്ത്യയിലെ പോലെ ദാരിദ്ര്യം കൊണ്ടല്ല.  

ഇപ്പോഴത്തെ സാഹചര്യത്തിൽ ഉൽപാദന മേഖലയിലെ ചിലവ് കുറച്ചുകൊണ്ടുള്ള നിർമ്മിതി ഇന്ത്യക്ക് സാധിക്കില്ല. പക്ഷെ ചൈനയിൽ അതിന് കഴിയുന്നതുകൊണ്ടാണ് ഒട്ടുമിക്ക കമ്പനികളും ചൈനയിലേക്ക് പോകുന്നത്. ഇന്ത്യയിൽ നിന്നും ഇരുമ്പയിര് ചൈനയിലേക്ക് കയറ്റുമതി ചെയ്ത് ചൈനയിൽ നിന്നും സ്റ്റീൽ ഇവിടെ ഇറക്കുമതി ചെയ്യുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന് സോഷ്യൽ മീഡിയയിലൂടെ  മുറവിളി കൂട്ടുന്നത് വെറുതെയാണ്. ഒരു പക്ഷെ ചെറിയ രീതിയിൽ ബഹിഷ്കരിച്ചേക്കാം; അതിനപ്പുറം സാധിക്കില്ല. ഇന്ത്യൻ മധ്യ വർഗത്തിന് വില കുറവുള്ളത് കൊണ്ട് ചൈനീസ് ഉൽപന്നങ്ങൾ വലിയ പഥ്യവുമാണ്. ചൈനീസ് ഉൽപന്നങ്ങളുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ് ഇന്ത്യ. എത്ര വലിയ രാജ്യസ്നേഹം പറഞ്ഞാലും ഇന്ത്യയിലെ മദ്ധ്യ വർഗം വില കുറവുള്ള ചൈനീസ് സാധനങ്ങൾ തന്നെയായിരിക്കും വാങ്ങുന്നത്. തീവ്ര രാജ്യസ്നേഹികൾ പോലും ഒരു കാർ വാങ്ങുമ്പോൾ ഇന്ത്യയിൽ നിർമിച്ചതാണോ എന്നല്ല നോക്കുന്നത്; മറിച്ചു ഗുണ മേന്മയും, വിലകുറവും നോക്കിയാണ് തിരഞ്ഞെടുക്കുന്നത്.

ചൈനയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനത്തിലാണ്. പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം, ജനങ്ങൾക്കിടയിലുള്ള ഭക്ഷ്യ സുരക്ഷാ - ഇക്കാര്യങ്ങളിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നമുക്ക് വലിയ വീഴ്ച സംഭവിച്ചു. ഭവന നിർമാണം, ടോയ്ലെറ്റുകൾ, സ്കൂളുകൾ, ആശുപത്രികൾ, കോളേജുകൾ - ഇവയുടെ നിർമിതിയാണ് ഇന്ത്യയിൽ വേണ്ടത്. സ്വാതന്ത്ര്യം കിട്ടി 70 വർഷങ്ങൾ കഴിഞ്ഞിട്ടും സുരക്ഷിതമായ കുടിവെള്ളം നമുക്ക് ഒരു വലിയ ശതമാനം ജനത്തിനു ലഭ്യമാക്കാൻ സാധിക്കുന്നില്ല. റോഡ്, ട്രാൻസ്പോർട്ട് തുടങ്ങിയ ഇൻഫ്രാസ്ട്രക്ചർ പ്രശ്നങ്ങളും നമുക്ക് ചൈനയെ അപേക്ഷിച്ച് വലിയ വെല്ലുവിളികളാണ്. ഇത്തരം വികസന പ്രശ്നങ്ങളുണ്ടെങ്കിലും ശക്തമായ നീതിന്യായ സംവിധാനം, എന്തിനെയും വിമർശിക്കുവാനുള്ള മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യ വ്യവസ്ഥിതി - ഇതൊക്കെ ഇന്ത്യയുടെ നേട്ടങ്ങളാണ്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നമുക്ക് ആരെ വേണമെങ്കിലും വിമർശിക്കാം. ചൈനയിൽ അത് സ്വപ്നം കാണുവാൻ പോലും സാധിക്കില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയ ജവഹർലാൽ നെഹ്റു മുതലുള്ള നമ്മുടെ ഭരണാധികാരികൾ പ്രോത്സാഹിപ്പിച്ച 'Freedom of Speech'-ൻറ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം. ഇതിൻറ്റെ കൂടെ ഉൽപാദന മികവും കൂടി നേടിയെടുക്കാനാണ് ഇൻഡ്യാക്കാർ ചൈനയോട് മത്സരിക്കണമെങ്കിൽ ശ്രമിക്കേണ്ടത്. ചൈനയെ തടയിടണമെങ്കിൽ ആദ്യമായി ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്ത വിദ്യാഭ്യാസത്തേയും തൊഴിലിനേയും കുറിച്ചുള്ള മൂഢ സങ്കൽപങ്ങൾ മാറ്റി നമ്മുടെ യുവതീ-യുവാക്കളെ തൊഴിൽ നിപുണരാക്കണം.  ഇപ്പോഴത്തെ ചൈനീസ് പ്രസിഡൻറ്റ് ഷീ ജിങ് പിംഗ് ഓരോ ഇരുപത്തിനാല് മണിക്കൂറും അനേകായിയിരം പേർക്ക് തൊഴിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുമ്പോൾ നമ്മുടെ ജനകീയ രാഷ്ട്രീയ പാർട്ടികൾ സർക്കാർ ജോലി, സംവരണം - എന്നൊക്കെ പറഞ്ഞു വെറുതെ വായിട്ടലച്ചു സമയം കളയുകയാണ്. 'വൊക്കേഷനൽ എജുക്കേഷൻ' എന്നത് ഇന്ത്യയിൽ സ്കൂൾ തലത്തിൽ തന്നെ പ്രോൽസാഹിപ്പിക്കേണ്ടിയിരിക്കുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ആണ് നമുക്ക് വേണ്ടത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തോടൊപ്പം നമ്മുടെ അസംഘടിത മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. 30-40 വർഷം മുമ്പ് ചൈന തങ്ങളുടെ അസംഘടിത മേഖലയെ പ്രോത്സാഹിപ്പിച്ചതിൻറ്റെ ഫലമാണ് ഇന്നു കാണുന്ന ചൈനയുടെ ഉൽപ്പാദന മികവ്. അതൊന്നും കാണാതെ വെറുതെ ചൈനീസ് വിരോധം പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലാ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ