2017 മാർച്ച് 3, വെള്ളിയാഴ്‌ച

സോവിയറ്റ് യൂണിയൻറ്റെ പതനം; ഒരു ജനതയുടെയും പതനം

സോവിയറ്റ് യൂണിയൻറ്റെ പതനം; ഒരു ജനതയുടെയും പതനം

ഇപ്പോൾ സി. എൻ. എൻ., ബി. ബി.സി, ഇക്കോണമിസ്റ്റ് - ഇവരൊക്കെ റഷ്യൻ പ്രെസിഡൻറ്റ് വ്ളാഡിമിർ പുട്ടിനെതിരെ സ്ഥിരം വാർത്തകൾ കൊടുക്കുമ്പോൾ ചിലതു പറയേണ്ടതുണ്ട്. എന്തുകൊണ്ട് ഈ വാർത്താ മാധ്യമങ്ങൾ ഗോർബച്ചേവ്, യെൽസിൻ - എന്നിങ്ങനെയുള്ള നേതാക്കളെ പാടി പുകഴ്ത്തി? സമ്പന്നമായ ഒരു രാഷ്ട്രത്തെ അസ്ഥിരതയിലേക്കും, സാമ്പത്തിക തകർച്ചയിലേക്കും തള്ളിവിട്ട ഗോർബച്ചേവും, യെൽസിനും അത് പോലുള്ള തരം താണ നേതാക്കൾക്കും ചരിത്രം എന്നെങ്കിലും മാപ്പു നൽകുമോ? പുടിൻ റഷ്യയുടെ പ്രതാപം കുറച്ചെങ്കിലും വീണ്ടെടുക്കുവാൻ ശ്രമിക്കുമ്പോൾ പാശ്ചാത്യ, അമേരിക്കൻ മാധ്യമങ്ങൾ വ്ളാഡിമിർ പുട്ടിനെ ഹിറ്റ്ലർക്ക് തുല്യമായി ചിത്രീകരിയ്ക്കുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് ഗോർബച്ചേവ്, യെൽസിൻ - എന്നിങ്ങനെയുള്ള നേതാക്കന്മാർ മാത്രമാണ്  വലിയ നേതാക്കൾ. ഇവരെയൊക്കെ ഇങ്ങനെ പ്രകീർത്തിക്കുന്നതിൽ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് സ്ഥാപിത താൽപര്യം ഉണ്ടെന്നുള്ള കാര്യം പകൽ പോലെ വ്യക്തമാണ്.

സോവിയറ്റ് യൂണിയൻറ്റെ തകർച്ചയിലും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾ ഏകപക്ഷീയമായി വ്യാഖ്യാനം ചെയ്യുന്നതിലും, പ്രചരിപ്പിക്കുന്നതിലും മത്സരിക്കുകയായിരുന്നു. 1985 - ൽ ഗോർബച്ചേവ് അധികാരമേറ്റെടുത്തപ്പോൾ സോവിയറ്റ് സാമ്പത്തിക ഉത്പാദനം(GDP) 2000 ബില്യൺ ഡോളറായിരുന്നു. എന്ന് വെച്ചാൽ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി. 1990 --ൽ പോലും സോവിയറ്റ് യൂണിയൻ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു. പക്ഷെ സോവിയറ്റ് സമ്പത് വ്യവസ്ഥ തീർത്തും മോശമാണെന്ന പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ അഴിച്ചു വിട്ടു. ഇതെഴുതുന്ന ആൾ ഇന്ത്യൻ സയൻസ് ഡെലിഗേഷൻറ്റെ ഭാഗമായി സോവിയറ്റ് യൂണിയനിൽ 1991  - ൽ പോയ ഒരു ശാസ്ത്രഞ്ജനോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് "എൻറ്റെ സ്പെഷ്യലൈസേഷൻ ക്രിസ്റ്റൽ ടെക്‌നോളജിയാണ്. ആ ടെക്‌നോളജിയിൽ സോവിയറ്റ് യൂണിയൻ ആരുടെയും പിന്നിലല്ല" - എന്നാണ്. മോസ്‌കോ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായും അദ്ദേഹം സംസാരിച്ചു. അന്ന്  ഗോർബച്ചേവും, അദ്ദേഹത്തിൻറ്റെ ഭാര്യ റെയിസ   ഗോർബച്ചേവും ആ രാജ്യത്തു ഏറ്റവും വെറുക്കപ്പെട്ട ആളുകൾ ആയിരുന്നു. പക്ഷെ സി. എൻ. എൻ., ബി. ബി.സി, ഇക്കോണമിസ്റ്റ് - പോലുള്ള യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾക്ക് ഏറ്റവും പ്രിയങ്കരർ ആയിരുന്നു ഗോർബച്ചേവും, അദ്ദേഹത്തിൻറ്റെ ഭാര്യ റെയിസ   ഗോർബച്ചേവും. ഇന്ത്യൻ മാധ്യമങ്ങളും ആ പാത പിന്തുടർന്നു.

1962 തൊട്ട് 1986 സോവിയറ്റ് യൂണിയൻറ്റെ അമേരിക്കൻ അംബാസിഡർ ആയിരുന്ന അനാറ്റോളി ഡോബ്രിനിൻ  'In Confidence: Moscow’s Ambassador to Six Cold War Presidents ' എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ആ പുസ്തകത്തിൽ ഗോർബച്ചേവിൻറ്റെ കഴിവില്ലായ്മ അദ്ദേഹം അക്കമിട്ടു പറയുന്നുണ്ട്. പാശ്ചാത്യ താൽപര്യങ്ങൾക്കു മുൻപിൽ രാജ്യ താൽപര്യങ്ങൾ അടിയറ വെച്ച നേതാവായിട്ടാണ് ഡോബ്രിനിൻ ഗോർബച്ചേവിനെ അവതരിപ്പിക്കുന്നത്. ഗോർബച്ചേവ്, യെൽസിൻ - എന്നിങ്ങനെയുള്ള നേതാക്കളെ സി. എൻ. എൻ., ബി. ബി.സി, ഇക്കോണമിസ്റ്റ് - പോലുള്ള യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾ പാടി പുകഴ്ത്തുന്നതിൻറ്റെ പിന്നിലെ കാരണവും ഇതായിരിക്കാം.

സോവിയറ്റ് ശിഥിലീകരണത്തിൽ ആദ്യം നോക്കേണ്ടത് റഷ്യയെ ചുറ്റിപ്പറ്റിയുള്ള റിപ്പബ്ലിക്കുകളിൽ ഉണ്ടായിരുന്ന റഷ്യൻ വംശജരോടുള്ള മനോഭാവമാണ്. റഷ്യൻ വംശജരിൽ പലരും മെച്ചപ്പെട്ട തൊഴിലും, വേതനവും പ്രതീക്ഷിച്ചാണ് ഉക്രയിൻ, ബാൾട്ടിക് റിപ്പബ്ലിക്സ് - ഇങ്ങോട്ടൊക്കെ കുടിയേറിയത്. 1935 - ൽ 10 ശതമാനം ആയിരുന്ന റഷ്യൻ വംശജർ 1989 ആയപ്പോൾ 34 ശതമാനം ആയി സോവിയറ്റ് ലാറ്റ്വിയയിൽ കൂടി. 2011 - ലെ കണക്കു പ്രകാരം 16 ശതമാനം റഷ്യൻ വംശജർ ബാൾട്ടിക് റിപ്പബ്ലിക്കായ എസ്‌റ്റോണിയയിൽ ഉണ്ട്. 2011 - ലെ കണക്കു പ്രകാരം 17 ശതമാനം ഉക്രയിനിൽ ഉണ്ട്. ഇത്രയധികം റഷ്യാക്കാർ ഉള്ളപ്പോൾ ഭാഷയിലും, സംസ്കാരത്തിലും, ചരിത്രത്തിലും ഒക്കെ അഭിമാനിച്ചിരുന്ന തദ്ദേശീയരായ ജനതയ്ക്ക് എതിർപ്പ് വരാതിരിയ്ക്കുമോ? സോവിയറ്റ് ശിഥിലീകരണത്തിൻറ്റെ ഏറ്റവും പ്രധാന കാരണം ഇതാണ്. മെച്ചപ്പെട്ട തൊഴിലും, വേതനവും പ്രതീക്ഷിച്ചു കുടിയേറുന്ന റഷ്യക്കാരെ 'റൂബിൾ മൈഗ്രൻറ്റ്സ്' അല്ലെങ്കിൽ 'റൂബിൾ കുടിയേറ്റക്കാർ' എന്നാണു തദ്ദേശീയർ വിളിച്ചിരുന്നത്. കുടിയേറ്റത്തോടപ്പം അവർ റഷ്യൻ ഭാഷയും, സംസ്കാരവും കൊണ്ട് വന്നു. സോവിയറ്റ് യൂണിയനിൽ പ്രാമുഖ്യം റഷ്യക്കായതിനാൽ മറ്റു റിപ്പബ്ക്ലിക്കുകൾ; പ്രത്യേകിച്ച് വികസനം കൈവന്ന ഉക്രയിൻ, ബാൾട്ടിക് റിപ്പബ്ലിക്സ് - ഇവരൊക്കെ റഷ്യക്കാരെ ഭയപ്പെട്ടു. തങ്ങളുടെ ഭാഷയും, സംസ്കാരവും റഷ്യൻ അധിനിവേശത്തോടെ തകർന്നു പോകുമെന്ന് അവർ ഭയപ്പെട്ടു. സ്റ്റാലിനിസ്റ്റ് അടിച്ചമർത്തലുകളും ദേശീയ ശക്തികളുടെ ഉണർവിന് ഒരു നിർണായക കാരണം ആയിട്ടുണ്ടെങ്കിലും രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജെർമനിക്കെതിരെ സോവിയറ്റ് യൂണിയൻറ്റെ ത്യാഗങ്ങൾ ഒരിക്കലും വിസ്മരിച്ചുകൂടാ.

ഗോർബച്ചേവിൻറ്റെ കാലത്തു നടപ്പാക്കിയ മുതലാളിത്ത പരിഷ്കരണങ്ങളുടെ ഫലമായി ഉയർന്നു വന്ന റിപ്പബ്ലിക്കുകളിലെ 'നവ മുതലാളിമാർ' തങ്ങളുടെ താൽപര്യം സംരക്ഷിക്കാനായി ഇത്തരം ഭാഷാ ദേശീയതകൾക്ക്‌ പിന്തുണ കൊടുത്തു. 10 വർഷം നീണ്ടു നിന്ന അഫ്ഗാൻ അധിനിവേശവും, അമേരിക്കയുമായുള്ള ആയുധ പന്തയവും സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമ പിന്തുണയും, ആ രാഷ്ട്രങ്ങളിലെ കൺസ്യൂമർ ഉൽപന്നങ്ങൾ ഗോർബച്ചേവിൻറ്റെ അവസാന കാലത്ത് സോവിയറ്റ് വിപണിയെ കീഴ്പെടുത്താനും തുടങ്ങിയപ്പോൾ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ഈ ശിഥിലീകരണത്തെ ചെറുക്കാൻ ശക്തി ഇല്ലായിരുന്നു . അത്കൂടാതെ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും രാഷ്ട്രീയ പിന്തുണ കൂടിയായപ്പോൾ സോവിയറ്റ് പതനം പൂർത്തിയായി. ഗോർബച്ചേവിൻറ്റെ പിടിപ്പില്ലായ്മയും, യെൽസിൻറ്റെയും, റിപ്പബ്ലിക്കുകളിൽ ഉയർന്നു വന്ന നേതാക്കന്മാരുടെയും രാഷ്ട്രീയ അതിമോഹം കൂടിയായപ്പോൾ 1991 - ൽ സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കുന്ന അധികം പേരില്ലായിരുന്നു എന്നതാണ് വാസ്തവം.

പക്ഷെ സോവിയറ്റ് യൂണിയൻ തകരുന്നതിൽ ആഭ്യന്തര കാരണങ്ങൾ മാത്രമാണോ കാരണം? സോവിയറ്റ് യൂണിയൻ തകർന്നതിൽ ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ എന്തെല്ലാമാണ്? Entrepreneurship അല്ലെങ്കിൽ സംരഭകത്ത്വത്തെ പ്രോത്സാഹിപ്പിക്കാത്ത കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ഇതെഴുതുന്ന ആൾ അനുകൂലിയ്ക്കുന്നില്ല. സംരഭകത്ത്വം ഇല്ലാതെ മുൻ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്കു മാത്രമല്ല; ഒരു സമ്പത് വ്യവസ്ഥയ് ക്കും അധികം നാൾ പിടിച്ചു നിൽക്കുവാൻ സാധിക്കുകയില്ല. നോബൽ സമ്മാന ജേതാവും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോസഫ് സ്‌റ്റിഗ്ലിറ്റ്സ് തൻറ്റെ 'ഗ്ലോബലൈസഷൻ ആൻഡ് ഇറ്റ്സ് ഡിസ്‌കൺറ്റെൻസ്' എന്ന പുസ്തകത്തിൽ ആസൂത്രണം ഏത്ര മെച്ചപ്പെട്ടതാണെങ്കിലും ഒരു രാജ്യത്തെ സമ്പത് വ്യവസ്ഥ മുഴുവൻ ആസൂത്രണത്തിലൂടെ നടപ്പിൽ വരുത്താൻ സാധിക്കുകയില്ല എന്ന് പറയുന്നുണ്ട്. സോവിയറ്റ് സമ്പത് വ്യവസ്ഥയുടെ കാര്യത്തിലും അത് കുറെയൊക്കെ ശരിയായിരുന്നു. പക്ഷെ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസത്തിനു ചില നല്ല വശങ്ങൾ കൂടി ഉണ്ടായിരുന്നു എന്ന് സത്യ സന്ധരായ കമ്മ്യൂണിസത്തിൻറ്റെ ശത്രുക്കൾ കൂടി അംഗീകരിക്കണം. എല്ലാവർക്കും തൊഴിൽ, മിനിമം വേതനം, സാമൂഹ്യ സുരക്ഷിതത്ത്വം, ആസൂത്രണം - ഇതൊക്കെയാണ് അവ. വിദ്യാഭ്യാസം, ആരോഗ്യം - ഇതിൻറ്റെയൊക്കെ ചെലവ് സർക്കാർ വഹിച്ചിരുന്നു. ഒരു സുപ്രഭാതത്തിൽ ഇതൊക്കെ ഇല്ലാതായാൽ ജനം എന്ത് ചെയ്യും?

വ്യവസായിക രംഗം തകർന്നതിൽ പിന്നെ സോവിയറ്റ് സമ്പത് വ്യവസ്ഥയ്‌ക്കോ, റഷ്യയ്‌ക്കോ ആ തകർച്ചയിൽ നിന്ന് ഇനിയും കര കയറുവാൻ സാധിച്ചിട്ടില്ല. 1990 -കളുടെ മധ്യത്തിൽ കൽക്കട്ട ഐ.ഐ. എമ്മിലെ പ്രഫെസ്സർ നിർമൽ ചന്ദ്ര സോവിയറ്റ് സമ്പത് വ്യവസ്ഥയുടെ അവസ്ഥ ഒരു സെമിനാറിൽ അവതരിപ്പിച്ചത് "ഇൻ അബ്സല്യൂട്ട് ഡിസാസ്റ്റർ" എന്നായിരുന്നു. തങ്ങളുടെ കുടുംബം പുലർത്താൻ വൻ ശക്തിയായിരുന്നു മുൻ സോവിയറ്റ് യൂണിയനിലെ പെൺകുട്ടികൾക്ക് വേശ്യാവൃത്തി പോലും തിരഞ്ഞെടുക്കേണ്ടി വന്നു എന്ന് പറയുമ്പോൾ ആ തകർച്ചയുടെ ആഴം ആർക്കും മനസിലാക്കാം. 1991 - ൽ മൂന്നാം ലോക രാഷ്ട്രമായ ഇന്ത്യയിൽ പോലും വന്നു ഉസ്ബെക്കിസ്ഥാനിൽ നിന്നും, റഷ്യയിൽ നിന്നും, ഉക്രെയിനിൽ നിന്നുമൊക്കെയുള്ള പെൺകുട്ടികൾ. ഡൽഹിയിലെ പഹാർ ഗഞ്ചിലുള്ള വില കുറഞ്ഞ ലോഡ്ജുകളിൽ പോലും ഇവിടുന്നൊക്കെയുള്ള പെൺകുട്ടികൾ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. മുൻ സോവിയറ്റ് യൂണിയനിൽ നിന്നും, കിഴക്കൻ യൂറോപ്പിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇത്തരത്തിൽ കടത്തപ്പെട്ട പെൺകുട്ടികളുടെ എണ്ണം ലക്ഷങ്ങളാണ്. ദുബായിലും റഷ്യൻ പെൺകുട്ടികൾ ഈ രീതിയിൽ എത്തി. മയക്കു മരുന്ന് മാഫിയ, ക്രിമിനൽ മാഫിയകൾ, ആയുധ കച്ചവടക്കാർ - എന്നിങ്ങനെ എല്ലാ വിധ്വംസക ശക്തികളും സോവിയറ്റ് തകർച്ചയ്ക്ക് ശേഷം പെരുകി. ആണവായുധങ്ങൾ വരെ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത വന്നപ്പോഴാണ് പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയിലേയും പലരും സോവിയറ്റ് തകർച്ചയുടെ അപകടം അറിഞ്ഞത്.

സോവിയറ്റ് യൂണിയനിൽ വംശീയ പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ തന്നെ ഈ കാര്യങ്ങളിലൊക്കെ അറിവുള്ളവർ ഇതു ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കും എന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. കാരണമെന്തെന്ന് വെച്ചാൽ സൈനിക സേവനം നിർബന്ധമായി നടപ്പാക്കിയിരുന്നു രാജ്യമായിരുന്നു മുൻ സോവിയറ്റ് യൂണിയൻ. ഇങ്ങനെ എല്ലാ പൗരന്മാരും സൈനികാഭ്യാസം സിദ്ധിച്ചിരിക്കുമ്പോൾ വംശീയതയുടെയും, ദേശീയതയുടെയും പേരിൽ പ്രശ്നമുണ്ടായാൽ അത് എവിടെ ചെന്ന് നിൽക്കും? അറിവുള്ളവർ ഭയപ്പെട്ടത് പോലെ പിന്നീട് സംഭവിച്ചു. അർമീനിയയും, അസർബെയ്‌ജാനും തമ്മിൽ തർക്ക പ്രദേശമായ 'നാഗോർണോ കാരബാക്കിന്' വേണ്ടി യുദ്ധം ചെയ്തപ്പോൾ മുൻ സോവിയറ്റ് ആയുധ ശേഖരത്തിലെ ഏറ്റവും മികച്ച ആയുധങ്ങൾ അവിടെ ഉപയോഗിച്ചു. ആയിരങ്ങൾ മരിച്ചു വീണു. ജോർജിയയും, ഉക്രെയിനും ഉൾപ്പെടെ പല സോവിയറ്റ് റിപ്പബ്ലിക്കുകളിലും സമ്മിശ്രമായ വംശീയ പാരമ്പര്യം ഉള്ള ജനതയാണുണ്ടായിരുന്നത്. റഷ്യൻ ആധിപത്യം നിലനിൽക്കുമ്പോൾ തന്നെ ജോർജിയൻ വംശജനായ സ്റ്റാലിൻ സോവിയറ്റ് യൂണിയൻറ്റെ എകാധിപതിയായി 30 വർഷത്തിലേറെ ഭരിച്ചു. ക്രൂഷ്ചേവ് ഉക്രെയിനിൽ നിന്നുള്ള ആളായിരുന്നു. വംശീയ സംഘർഷത്തിൻറ്റെ ഗുരുതരമായ ഭവിഷ്യത്തുകൾ കാണാൻ ഗോർബച്ചേവിന് സാധിച്ചില്ല എന്നത് ഒരു രാഷ്ട്രത്തിൻറ്റെ തലവന് സംഭവിച്ച വൻ വീഴ്ചയായിരുന്നു. എട്ടു റിപ്പബ്ലിക്കുകൾ അടങ്ങിയ ഒരു കോൺഫെഡറേഷന് വേണ്ടി ഗോർബച്ചേവ് അവസാന നാളുകളിൽ ശ്രമിച്ചിരുന്നു. യെൽസിൻറ്റെയും, റിപ്പബ്ലിക്കുകളിൽ ഉയർന്നു വന്ന നേതാക്കന്മാരുടെയും രാഷ്ട്രീയ അതിമോഹം അതിനു കടിഞ്ഞാണിട്ടു. ഇന്നും അധികം വികസിക്കാത്ത ടാജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ പോലുള്ള രാജ്യങ്ങൾക്കു റഷ്യയുമായി കൂടാനുള്ള ആഗ്രഹം ഉണ്ട്. പക്ഷെ അതൊരു ബാധ്യത ആകുമെന്നുള്ളതിനാൽ റഷ്യക്കാർക്ക് അവരെ വേണ്ടാ. ജോർജിയ, ഉക്രെയിൻ - പോലുള്ള വികസിത പ്രദേശങ്ങൾക്ക് അവരുടേതായ രീതിയിൽ മുന്നേറാനാണ് താൽപര്യം. സാറിസ്റ്റു രീതിയിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക വികാരങ്ങളെ മാനിക്കുന്ന റിപ്പബ്ലിക്കുകളുടെ ഒരു കോൺഫെഡറേഷൻ ആയിരുന്നു സോവിയറ്റ് യൂണിയന് പകരം വരേണ്ടിയിരുന്നത്.

സോവിയറ്റ്‌ യൂണിയൻറ്റെ പതനം കൊണ്ട് ലോകത്ത്‌ പ്രധാനമായി ഗുണമുണ്ടായത്‌ തീവ്രവാദ ഗ്രൂപ്പുകൾക്കും, വിധ്വംസക ശക്തികൾക്കും ആണ്. ആയുധ നിർമ്മാണത്തിലും, ശേഖരണത്തിലും, വിതരണത്തിലും അമേരിക്കയുടെ അടുത്തു വന്നിരുന്ന സോവിയറ്റ്‌ യൂണിയൻറ്റെ വിഘടനം സോവിയറ്റ്‌ റിപ്പബ്ലിക്കുകളിൽ അരാജകത്വത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. കുറച്ചെങ്കിലും കാര്യങ്ങൾ തിരിച്ചു പിടിയ്ക്കാൻ സാധിച്ചത് വ്ളാഡിമിർ പുട്ടിനു മാത്രമാണ്. ആയുധ വ്യാപാരികൾക്ക് വമ്പൻ ആയുധ ശേഖരങ്ങൾ നിസാര വിലക്ക്‌ കരിഞ്ചന്തയിൽ തീവ്രവാദികൾക്ക്‌ മറിച്ച്‌ വിറ്റ്‌ ധനം സമ്പാദിക്കുവാൻ സോവിയറ്റ്‌ യൂണിയൻറ്റെ പതനത്തിന് ശേഷം കഴിഞ്ഞു. ആണവായുധങ്ങൾ അമേരിക്കയിൽ പോലും എത്തുന്ന രീതിയിലുള്ള പല ഹോളിവുഡ് ചിത്രങ്ങളുമുണ്ട്. റഷ്യൻ മാഫിയയുടെ നെത്ര്വത്തത്തിലുള്ള ആണവ കൈമാറ്റവും, കുറ്റ കൃത്യങ്ങളും പല ഹോളിവുഡ് ചിത്രങ്ങളുടേയും സ്ഥിരം പ്രമേയമായികഴിഞ്ഞു. ഈ ആണവായുധങ്ങളുടെ കൈമാറ്റങ്ങളെ പറ്റിയുള്ള സത്യാവസ്ഥ ആർക്കും കൃത്യമായി അറിയില്ല. സത്യാവസ്ഥ എന്തായാലും അത് അമേരിക്കയെ വല്ലാതെ പ്രശ്നത്തിലാക്കുകയും ചെയ്തു. കാരണം സോവിയറ്റ് യൂണിയനെ സ്നേഹിച്ചവരുടെ എക്കാലത്തെയും വലിയ ശത്രുവായി അമേരിക്ക മാറി. സോവിയറ്റ് വിഭജനത്തിനു പിന്നിൽ കളിച്ച അമേരിക്കക്കു തിരിച്ചടി കിട്ടുന്നത്‌ ഇങ്ങനെ ആണ്. ചുരുക്കം പറഞ്ഞാൽ ലോകത്തെ മുഴുവൻ അസ്ഥിരപ്പെടുത്തിയ ഒന്നായി സോവിയറ്റ് വിഭജനം മാറി.
(കടപ്പാട്: ഋഷി ദാസ് - ചരിത്രാന്വേഷികൾ - "സോവിയറ്റ് യൂണിയൻറ്റെ തകർച്ചയുടെ ഒരു ചെറു വിവരണം - 1985--1991")

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ