2017 നവംബർ 6, തിങ്കളാഴ്‌ച

സൗദി അറേബ്യയിൽ മാറ്റങ്ങളുടെ കൊടുങ്കാറ്റിന് തുടക്കം

അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് സൗദി അറേബ്യ എന്ന രാജ്യം. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൗദിയിലെ 11 രാജകുമാരന്മാരുടെയും, 38 മുുൻ ഗവൺമെൻറ്റ് മന്ത്രിമാരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചു കൊണ്ടാണ് മാറ്റങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. രാജകുമാരന്മാനടക്കം 49 പേരെ അറസ്റ്റ് ചെയ്തത് കൂടാതെ സൗദി നാഷണൽ ഗാർഡ് മേധാവി, നാവികസേനാ മേധാവി, ധനമന്ത്രി - എന്നിവരെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ഒസാമാ ബിൻലാദൻ ലാഡൻറ്റെ കുടുംബത്തിൻറ്റെ കോടികളും മരവിപ്പച്ചതായി സൗദിയിൽ നിന്ന് റിപ്പോർട്ടുകൾ ഉണ്ട്. രാജ്യത്തിൻറ്റെ പണം വഴി മാറ്റി ലണ്ടൻ നഗരം അടക്കം ലോകമെമ്പാടും സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടിയ പല  രാജകുടുംബാംഗങ്ങൾക്കും ശിക്ഷ കിട്ടി തുടങ്ങിയിരിക്കയാണ്.

അഴിമതിക്കെതിരെയുള്ള കടുത്ത നീക്കത്തിലൂടെ തൻറ്റെ അധികാരം ഒന്ന് കൂടി ഉറപ്പിക്കുകയാണ് ബിൻ സൽമാൻ രാജകുമാരൻ. രാജ്യത്തെ അഴിമതി രഹിതമാക്കി നവീകരിക്കുന്നതിന് വേണ്ടി അഴിമതിക്കാരായ നിരവധി പാരമ്പര്യ വാദികൾക്കെതിരായിട്ടാണ് ഇപ്പോൾ ശിക്ഷാ നടപടികൾ കൈക്കൊണ്ടിരിക്കുന്നത്. സൗദിയിലെ ഏറ്റവും പാരമ്പര്യ വാദികളായ സുന്നി ഇസ്ലാം വഹാബിസത്തോട് കൂറ് പുലർത്തുന്ന പാരമ്പര്യ വാദികളെയാണ് അഴിമതിക്കെതിരായ യജ്ഞത്തിൻറ്റെ ഭാഗമായി ബിൻ സൽമാൻ രാജകുമാരൻ ഇപ്പോൾ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ആധുനികവൽക്കരിക്കാനുള്ള തൻറ്റെ നീക്കം എളുപ്പമാക്കാമെന്നാണ് ഈ അഴിമതിക്കെതിരായുള്ള പോരാട്ടത്തിലൂടെ അദ്ദേഹം കരുതുന്നത്.

യാഥാസ്ഥിതിക മുസ്ലിം രാജ്യമായ സൗദിയെ കാലത്തിനനുസരിച്ച് അടിമുടി നവീകരിക്കാനുള്ള നടപടികൾ താൻ ആരംഭിച്ചിട്ടേയുള്ളുവെന്നുമാണ് ബിൻ സൽമാൻ നൽകുന്ന സൂചന. ചുരുക്കിപ്പറഞ്ഞാൽ കർക്കശമായ പഴയ ശരീയത്ത് നിയമങ്ങൾ എല്ലാം അഴിച്ച് പണിഞ്ഞ് സൗദി അടിമുടി മാറാൻ പോവുകയാണ്.

ഇസ്‌ലാമിക തീവ്രവാദത്തിന് പണം ഒഴുകുന്നത് സൗദിയിൽ നിന്നാണെന്ന് പണ്ട് മുതലേ ആരോപണമുണ്ട്.  ലോകമാകമാനമുള്ള നിരവധി ഇസ്ലാമിക ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നുവെന്ന ആരോപണം വളരെ കാലമായി സൗദി നേരിട്ടുകൊണ്ടിരിക്കുകയാണ്. ന്യൂയോർക്കിലും വാഷിങ്ടണിലും 2001സെപ്റ്റംബർ 11- ന് നടത്തിയ ആക്രമണത്തിലും സൗദിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. വിമാനം ഇടിച്ചിറക്കി 3000 -ൽ മിച്ചം പേരുടെ മരണത്തിന് വഴിയൊരുക്കിയ ആക്രമണം നടത്തിയ 19 പേരിൽ 15 പേരും സൗദിയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.  ഇവരെ സൗദി ഭരണകൂടം അറസ്റ്റു ചെയ്തിരുന്നുവെങ്കിലും ജയിലിൽ അവർക്കു രാജകീയ സൗകര്യങ്ങൾ ഒരുക്കുന്നതായി റഷ്യൻ ടി.വി. അടക്കം നിരവധി മാധ്യമങ്ങൾ ആരോപിച്ചിരുന്നു. ഇതിന് പുറമെ സിറിയയിൽ നിന്നും മടങ്ങിയെത്തിയ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ള രാജ്യവും സൗദിയാണ്. ഇത്തരം പേരുദോഷങ്ങളിൽ നിന്നും രാജ്യത്തെ മോചിപ്പിച്ച് 1970 കളിലെ മിതവാദപരമായ ഇസ്ലാം രീതികളിലേക്ക് എത്തിക്കുന്നതിനാണ് പുതിയ നടപടികൾ.  രാജ്യത്ത് ശേഷിക്കുന്ന തീവ്രവാദത്തെ കൂടി ഇല്ലായ്മ ചെയ്യാനും അതിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനാണ് ബിൻ സൽമാൻ രാജകുമാരൻ മുന്നിട്ടിറങ്ങുന്നത്.

തീവ്രവാദത്തിനെതിരെയുള്ള സൗദിയുടെ പുതിയ നീക്കമായുള്ള പ്രവാചക വചനങ്ങളുടെ (ഹദീസ്) പരിശോധന. ഇതിന് പ്രത്യേക  ഗവേഷണ കേന്ദ്രം വരുന്നതോടെ ഇസ്ലാമിൻറ്റെ അടിസ്ഥാന വിഷയങ്ങളിലും ആചാരങ്ങളിലും മാറ്റം വരും. ഇതാണ് ലോകം ഉറ്റു നോക്കുന്നതും. മദീന ആസ്ഥാനമായി ആരംഭിക്കുന്ന കേന്ദ്രത്തിന് കിങ് സൽമാൻ കോംപ്ലക്‌സ് ഫോർ പ്രോഫറ്റ്സ് ഹദീസ് എന്നായിരിക്കും പേര്. പ്രവാചക വചനങ്ങളുടെ ശാസ്ത്രീയ മാനം, ഹദീസ് ശേഖരണം, ഹദീസുകളെ വിഷയാധിഷ്ടിതമായി തരം തിരിക്കൽ - തുടങ്ങിയവ ഈ കേന്ദ്രം പരിശോധിക്കും. നൂതനമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രമുഖ പണ്ഡിതരുടെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന ഹദീസ് പഠന-ഗവേഷണ റിപ്പോർട്ടുകൾ ഈ കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ആഗോള തലത്തിൽ സലഫി, സൂഫീ ധാരകളിലുള്ള മുസ്ലിംങ്ങൾക്ക് ഹദീസുകളോടുള്ള സമീപനം വ്യത്യസ്തമാണ്.

ഹദീസുകളുടെ ആധികാരികതയനുസരിച്ച് നീക്കം ചെയ്യുന്ന സൗദിയുടെ നടപടിയെ ഉറ്റുനോക്കുകയാണ് ലോകമെങ്ങുമുള്ള മുസ്ലിം ലോകം. ഐ.എസ്. അടക്കമുള്ള ഭീകരവാദ സംഘടനകളെ ലക്ഷ്യം വെച്ചുള്ളതാണ് സൗദിയുടെ ഹദീസ് പരിഷ്‌കരണമെന്ന വാദം ശക്തമാണ്. പ്രഖ്യാപിത മുസ്‌ലിം രാജ്യമായ സൗദി അറേബ്യയുടെ അമേരിക്ക, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുമായി കൂട്ടുകെട്ടാണ് ഐ.എസ്. സൗദിക്കെതിരേ എപ്പോഴും ഉയർത്തി കാട്ടുന്നത്. മുസ്ലിംരാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ആഹ്വാനം ചെയ്യുമ്പോൾ ഇതാണ് അതിനെ സാധൂകരിക്കുന്നതിനായി പറയുന്നത്. സൗദി അറേബ്യ ഒരു മുർതദ്ദ് (ഇസ്ലാം ഉപേക്ഷിക്കുന്ന) രാജ്യമാണെന്നാണ് ഐസിസ്-ൻറ്റെ സ്ഥിരം ആക്ഷേപം. മെക്കയും, മദീനയും അടക്കമുള്ള പുണ്യ നഗരങ്ങളുള്ള രാജ്യമായതിനാൽ സൗദിയിൽ നിന്ന് വിദേശ സൈന്യം പുറത്തു പോവണമെന്നായിരുന്നു പണ്ട് ഒസാമാ ബിൻ ലാഡൻറ്റെ ഒരു പ്രധാന ആവശ്യം. അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി പണ്ട് പലതവണ ബോംബ് സ്ഫോടനങ്ങളും സൗദിയിൽ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നടന്നു.

സൗദിയിൽ ആധുനീകരണത്തിൻറ്റെ ഭാഗമായി സ്ത്രീക്കും പുരുഷനും സമത്വം നൽകും. മനുഷ്യാവകാശങ്ങൾക്കും വികസനത്തിനും ഊന്നൽ നൽകുകയും ചെയ്യും. ചുരുക്കത്തിൽ ലോകത്തിലെ  യാഥാസ്ഥിതിക ഇസ്ലാമികതയുടെ പ്രതീകമായിരുന്നു സൗദി മൊത്തത്തിൽ അഴിച്ച് പണിയലിന് വിധേയമാകാൻ പോവുകയാണ്. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി സിനിമയും സംഗീതവും സൗദിയിൽ നിയമാനുസൃതമാക്കുന്നതാണ്. സൗദിയിൽ സ്ത്രീകൾക്ക് മേലുള്ള ഡ്രൈവിങ് വിലക്ക് അടുത്തിടെ എടുത്ത് മാറ്റിയത് രാജകുമാരൻറ്റെ  പരിഷ്‌കരണ പദ്ധതികളുടെ തുടക്കമെന്നോണമായിരുന്നു. ഇതിന് പുറമെ 500 ബില്യൺ ഡോളർ മുതൽ മുടക്കി രാജ്യത്ത് പുതിയൊരു നിക്ഷേപക സൗഹൃദ ബിസിനസ് സോണും നഗരവും 'വിഷൻ 2030' എന്ന പേരിൽ ആരംഭിക്കുകയാണ്.

ഇത്തരത്തിൽ ആഗോള മൂലധനത്തെയും നിക്ഷേപകരെയും സൗദിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനും സൗദിയെ ലോകത്തിലെ മികച്ച ഒരു നിക്ഷേപ കേന്ദ്രമാക്കുന്നതിനും വേണ്ടിയും ബിൻ സൽമാൻ പ്രയത്‌നം തുടങ്ങിയിട്ടുണ്ട്. ഇത് വഴി മുസ്ലീങ്ങളല്ലാത്ത ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. സൗദിയിൽ 380 ബില്യൺ പൗണ്ടിൻറ്റെ സ്വതന്ത്ര ഇക്കണോമിക് മേഖല ഈയിടെ ബിൻ പ്രഖ്യാപിച്ചിരുന്നു. ഈ പ്രൊജക്ട് 'നിയോം' എന്നാണ് അറിയപ്പെടുന്നത്. നോർത്ത് വെസ്റ്റേൺ തീരപ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സ്വതന്ത്ര ഇക്കണോമിക് മേഖല രാജ്യത്തെ മറ്റിടങ്ങളിലെ നിയമങ്ങളിൽ നിന്നും വേറിട്ടായിരിക്കും പ്രവർത്തിക്കുന്നത്. ഊർജം, ജലം, ബയോടെക്നോളജി, ഭക്ഷണം, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, എൻറ്റെർടെയിന്മെൻറ്റ് എന്നിവയടക്കമുള്ള വ്യവസായങ്ങളിലായിരിക്കും ഈ സോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കുന്നു.

വ്യവസായ ലോകത്തെ പ്രമുഖരെല്ലാം ഒത്തുകൂടിയ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻറ്റ് ഇനിഷ്യേറ്റീവ് എന്ന റിയാദിൽ നടന്ന നിക്ഷേപക സമ്മേളനത്തിൽ 500 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഒരു മെഗാ സ്സിറ്റി പദ്ധതിയും സൽമാൻ രാജകുമാരൻ ഈയിടെ പ്രഖ്യാപിച്ചു. ഈജിപ്തിലേക്കും ജോർദാനിലേക്കും വ്യാപിച്ചു കിടക്കുന്നതാണ് ഈ മെഗാ സിറ്റി പദ്ധതി. ഡ്രോണുകളും, റോബോട്ടുകളും, ഡ്രൈവറില്ലാത്ത കാറുകളുമൊക്കെയാകും മെഗസ്സിറ്റിയിലുണ്ടാവുകയെന്നും സൂചിപ്പിച്ചു. പൂർണമായും പ്രകൃതിജന്യമായ ഊർജങ്ങളായ കാറ്റിൽനിന്നും സൗരോർജത്തിൽനിന്നുമുള്ള വൈദ്യതിയാകും ഇവിടെ ഉപയോഗിക്കുക. ബയോടെക്‌നോളജി, ഡിജിറ്റൽ സയൻസ്, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ടെക്‌നോളജി എന്നിവ ഉൾക്കൊള്ളുന്ന അത്യാധുനിക വ്യവസായ കേന്ദ്രങ്ങൾ ഈ മെഗാ സ്സിറ്റിയിൽ കൊണ്ടുവരുന്നത് വഴി സൗദി അറേബ്യയയെ മാത്രമല്ല; പ്രത്യുത അയൽ രാജ്യങ്ങളായ ഈജിപ്തിനേയും,  ജോർദാനിനേയും അത്യാധുനിക ശാസ്ത്ര, സാങ്കേതിക മേഖലകളിലേക്ക് നയിക്കാൻ ആയിരിക്കും ഈ മെഗാ സിറ്റിയിലൂടെ ലക്‌ഷ്യം വെക്കുന്നതെന്ന് ഉറപ്പാണ്.

പാരമ്പര്യ വാദികൾ നിരോധിച്ച മ്യൂസിക് കൺസേർട്ടുകൾ ഉടൻ തിരിച്ച് കൊണ്ട് വരും. തുടർന്ന് സിനിമയും സൗദികളുടെജീവിതത്തിൻറ്റെ  ഭാഗമാക്കിത്തീർക്കാനും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉദ്ദേശിക്കുന്നു. 85 വർഷങ്ങൾക്ക് മുമ്പ് വഹാബിസം സ്ഥാപിക്കപ്പെട്ടത് മുതൽ സൗദിയിൽ അത് നിർണായകമായ സ്വാധീനം ചെലുത്തി വരുന്നുണ്ട്. ഏഴാം നൂറ്റാണ്ടിലെ ശരിയത്ത് എന്ന ഗോത്ര നിയമകാലത്തേക്കാൾ ലോകം വളരെയധികം ഇന്ന് വളർന്നുകഴിഞ്ഞു. ആ അത്യാധുനിക മാറ്റങ്ങൾ ഉൾക്കൊള്ളുവാനായിരിക്കും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൗദിയിൽ ശ്രമിക്കുന്നത് എന്നതിന് വ്യക്തമായ സൂചനകൾ ഇപ്പോൾ നൽകി കഴിഞ്ഞു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രീതികൾക്ക് അനുസരിച്ച് മാറ്റങ്ങൾ തീർച്ചയായും നല്ലതു തന്നെ. പക്ഷെ അതിനോടൊപ്പം രാജ്യാന്തര ബന്ധങ്ങളിലെ അഴിച്ചു പണിയും സൗദിക്ക് ലക്ഷ്യമാക്കാവുന്നതാണ്. അമേരിക്കയിൽ നിന്ന് 'കൺവെൻഷണൽ' ആയുധങ്ങൾ ഏറ്റവും കൂടുതൽ വാങ്ങിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഈ ആയുധ കച്ചവടം മദ്ധ്യേഷ്യയിൽ കണ്ടമാനം സമാധാനക്കേടുകൾ ഉണ്ടാക്കുന്നുണ്ട്. അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങിച്ചു കൂട്ടുന്ന ആഫ്രിക്കൻ, മദ്ധ്യേഷ്യൻ രാജ്യങ്ങളിലൊന്നിലും സമാധാനം പൂത്തു വിളയാടുന്നില്ല എന്ന്‌ എല്ലാവരും ഓർക്കേണ്ടതുണ്ട്. ജനങ്ങളുടെ സുസ്ഥിതി മറന്നുകൊണ്ടുള്ള ഈ ആയുധ കച്ചവടത്തിന് ഭരണ വർഗ്ഗങ്ങൾ കൂട്ട് നിൽക്കുന്നത് മൂലമാണ് പല രാജ്യങ്ങളുടേയും സമ്പത് വ്യവസ്ഥ തകരുന്നതും, അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുന്നതും. ഒരുവശത്ത് മുസ്‌ലിം തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് ദുബായിലും, ലണ്ടനിലും ഫ്‌ളാറ്റുകളും, വില്ലകളും, കച്ചവട കേന്ദ്രങ്ങളും വാങ്ങി കൂട്ടുന്ന അങ്ങേയറ്റത്തെ മൂല്യ തകർച്ച സംഭവിച്ച ഭരണ നെത്ര്വത്തമാണ് സൗദിയിലെ പോലെ തന്നെ നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനിലുമുള്ളത്. ഈ ഭരണ നെത്ര്വത്ത്വവും അമേരിക്കയിൽ നിന്നുള്ള ആയുധ കച്ചവടത്തിന് കൂട്ട് നിൽക്കുന്നു; സ്വന്തം രാജ്യത്തും അയൽ രാജ്യങ്ങളിലും അസ്ഥിരത സൃഷ്ടിക്കുന്നു. സൗദിയിലെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഈ അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണ വർഗ്ഗങ്ങളൊക്കെ സമീപ ഭാവിയിലെങ്കിലും ജനങ്ങളുടെ സുസ്ഥിതിക്ക് ഉതകുന്ന വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ പ്രോത്സാഹിപ്പിക്കും എന്ന്‌ ആശിക്കാനേ സുമനസുകൾക്ക് സാധിക്കൂ. സൗദി അറേബ്യയിൽ വീശി അടിച്ചു തുടങ്ങിയിരിക്കുന്ന മാറ്റങ്ങളുടെ കൊടുങ്കാറ്റ് മറ്റു പല രാജ്യങ്ങളിലും അതേ ശക്തിയിൽ വീശുമെന്നും പ്രതീക്ഷിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ