2017 നവംബർ 14, ചൊവ്വാഴ്ച

വർഗീയതയും, വിപ്ലവവും, വികസനവും

ആര്‍.എസ്.എസ്സും, അനുബന്ധ സംഘടനകളും മുസ്ലീം വിരുദ്ധതയും, ക്രിസ്ത്യന്‍ വിരുദ്ധതയും നിറഞ്ഞ നിരവധി പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെയും, മറുനാടൻ മലയാളി പോലുള്ള ഓൺലെയിൻ പത്രങ്ങളിലൂടെയും സ്ഥിരം നടത്തുന്നത്. സംഘ പരിവാർ ആശയങ്ങൾ പേറുന്നവരുടെ പോസ്റ്റുകളും, കമൻറ്റുകളും വായിച്ചാൽ അവർക്കു മുസ്‌ലിം വിരുദ്ധത അല്ലാതെ മറ്റൊന്നും പറയാനില്ലെന്നു തോന്നിപ്പോകും. ഹിന്ദിയും, പശു സ്നേഹവും പറഞ്ഞു ഉത്തരേന്ത്യൻ ഗ്രാമ സംസ്കാരം കേരളത്തിലും പറിച്ചു നടാൻ ശ്രമിക്കുകയാണ് സംഘ പരിവാർ സന്ഖടനകൾ. കേരളം സാമൂഹ്യമായും, ജനാധിപത്യപരമായും, മാനുഷികതയുടെ കാര്യത്തിലും തികഞ്ഞ ഫ്യുഡൽ സംസ്കാരം ഇന്നും നിലനിൽക്കുന്ന ഉത്തരേന്ത്യയെക്കാൾ എത്രയോ പുരോഗമിച്ചു കഴിഞ്ഞു എന്നത് ഈ സംഘടനകൾ കാണുന്നില്ല. യമനിൽ ആടിനെ മേയ്ക്കാൻ പോകുന്നവരിൽ നിന്ന് വലിയ വിത്യാസം ഒന്നും ഈ പശു സ്നേഹികൾക്കും ഇല്ല. 

സ്വാതന്ത്ര്യ സമര കാലത്തു പോലും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്ത് ഊര്‍ജ്ജം കളയാതെ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും എതിരേ തിരിയുവാൻ ഉപദേശം നല്‍കുകയായിരുന്നു ആര്‍.എസ്.എസ്സിൻറ്റെ നേതാക്കൾ. സ്ഥിരം പശു സ്നേഹം പ്രകടിപ്പിക്കുന്നവർ എന്തുകൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചപ്പോൾ ബീഫ് കഴിക്കുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു സമരവും ചെയ്യാതിരുന്നത് എന്ന ചോദ്യം ആർക്കും ഉന്നയിക്കാവുന്നതാണ്‌. അത് പോലെ തന്നെ ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങൾക്ക് എത്ര ഉന്നത സ്ഥാനങ്ങള്‍ ഈ ആർ.എസ്.എസ്. പോലുള്ള സംഘടനകൾ കൊടുത്തിട്ടുണ്ട്? അരുണ്‍ ഷൂരിയെ പോലുള്ള മുൻ സൈദ്ധാന്തികർ ഡോക്റ്റർ അംബേദ്ക്കറെ ഒരിക്കലും ആദരിച്ചിരുന്നില്ല. 'വർഷിപ്പിങ് ഫാൾസ് ഗോഡ്സ്' എന്ന് പറഞ്ഞു ഭരണ ഘടനാ ശിൽപിയായ ഡോക്റ്റർ അംബേദ്ക്കറിനെ നിന്ദിച്ചു കൊണ്ട് പുസ്തകമെഴുതിയ ആളാണ് അരുണ്‍ ഷൂരി. സ്ത്രീ വിരുദ്ധതയും വർഗീയ സംഘടനകളുടെ മുഖ മുദ്രയാണെന്നു കാണാൻ വലിയ വിഷമമൊന്നുമില്ല. എത്ര ഉന്നത സ്ഥാനങ്ങള്‍ ഈ സംഘടനകൾ സ്ത്രീകൾക്ക് കൊടുത്തിട്ടുണ്ട്? 'ഡിസിഷൻ മെയ്ക്കിങ് പ്രോസസ്' -ൻറ്റെ കാര്യം വരുമ്പോൾ ഇവരെല്ലാം സ്ത്രീകൾ, ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങൾ - ഇവരെയെല്ലാം മാറ്റി നിർത്തുന്നതാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്.

ഇന്ത്യയിലെ മര്‍ദ്ദിത സമുദായങ്ങള്‍ക്കും, ജനകീയ പ്രശ്നങ്ങൾക്കും വേണ്ടി എന്ത് മുന്നേറ്റമാണ് ആര്‍.എസ്.എസ്. പോലുള്ള സംഘടനകൾ  നടത്തിയിട്ടുള്ളത്? ഒ.ബി.സി. വിഭാഗങ്ങളുള്‍പ്പെടെയുള്ളവരുടെ സംവരണത്തെ എതിര്‍ക്കാന്‍ മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കും എന്ന് വി.പി. സിങ് പ്രഖ്യാപിച്ചപ്പോൾ അതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ബാബരി മസ്ജിദ് പൊളിക്കുകയായിരുന്നില്ലേ ആര്‍.എസ്.എസും. ബി.ജെ.പി -യും ഇവിടെ ചെയ്തത്? എന്തിനായിരുന്നു ആ പൊളിക്കൽ എന്ന ചോദ്യം പോലും ഇവിടെ ഉയരുന്നില്ല എന്നതാണ് ശ്രദ്ധേയം. ബാബരി മസ്ജിദ് തകർക്കലും, അതിനെ തുടർന്ന് ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഉണ്ടായ വർഗീയ കലാപങ്ങളിലും കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി; നൂറു കണക്കിന് മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടു. ശക്തമായ രാഷ്ട്രം എന്നുള്ള ഇവരുടെ സങ്കൽപ്പത്തിന് തുലോം വിരുദ്ധമാണ് ഈ വർഗീയ കലാപങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളും.

കമ്യുണിസ്റ്റുകാരും, നക്സലൈറ്റുകളും ഉൾപ്പെട്ട ഇന്ത്യയിലെ വിപ്ലവ സംഘടനകളുടെയും പ്രവർത്തനങ്ങളും വളരെ കഷ്ടമാണ്. ഇവരൊക്കെ വലിയ ദളിത്-ആദിവാസി സ്നേഹം പറയും. പക്ഷെ ഇങ്ങനെ ദളിത് പ്രേമം പറയുന്ന എത്ര കമ്യുണിസ്റ്റുകാർ ദളിത് സ്ത്രീകളെ വിവാഹം കഴിച്ചു ? ദളിത് ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ പോളിറ്റ് ബ്യുറോയിലും, സെൻട്രൽ കമ്മിറ്റിയിലും എത്ര ദളിതരും, ആദിവാസികളും ഉണ്ട്? വലിയ വിപ്ലവം പ്രസംഗിക്കുന്നവരും 'ഡിസിഷൻ മെയ്ക്കിങ് പ്രോസസ്' -ൻറ്റെ കാര്യം വരുമ്പോൾ സ്ത്രീകൾ, ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങൾ - ഇവരെയെല്ലാം മാറ്റി നിർത്തുന്നതാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. പോളിറ്റ് ബ്യുറോയിലും, സെൻട്രൽ കമ്മിറ്റികളിലും, സംസ്ഥാന കമ്മിറ്റികളിലും ഇവരൊന്നും തീരുമാനങ്ങൾ എടുക്കുമ്പോൾ സ്ത്രീകൾ, ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങൾ - ഇവരെയൊക്കെ മാറ്റി നിർത്തുന്നതാണ് കാലാ കാലങ്ങളിലായി നമുക്ക് കാണുവാൻ സാധിക്കുന്നത്. നെഞ്ച് പറിഞ്ഞു പോകുന്നത് പോലെ ദളിതർക്കും, ആദിവാസികൾക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി പ്രസംഗിക്കുന്ന പല കമ്യുണിസ്റ്റുകാരുടെയും ഇരട്ടത്താപ്പും, ഹിപ്പോക്രസിയും ജനത്തിനു മുഴുവൻ അറിയാവുന്നതാണ്.

വ്യക്തികളെ ഓരോരോ രീതിയിൽ 'ലേബൽ' ചെയ്ത് ശത്രുക്കളായി കാണുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്ന നയമുള്ളവരാണ് കമ്യുണിസ്റ്റുകൾ. ഉന്മൂലന സിദ്ധാന്തം എന്നൊരു പദ്ധതി തന്നെ ഉണ്ടാക്കിയ വിഭാഗമാണ്  കമ്യുണിസ്റ്റുകൾ. അച്ചിൽ വാർത്തതു പോലുള്ള അവരുടെ വിശ്വാസ പ്രമാണങ്ങൾക്കല്ലാതെ ജനാധിപത്യത്തിൽ വിശ്വാസമില്ലത്ത, അപരൻറ്റെ അഭിപ്രയങ്ങൾക്കോ സ്വാതന്ത്ര്യത്തിനോ, ജീവനോ വില കൽപ്പിക്കാത്തവരാണ് മിക്ക കമ്യുണിസ്റ്റ് പാർട്ടികളും. കമ്യുണിസ്റ്റുകാർ പലപ്പോഴും പരസ്യമായി അരാജകത്ത്വം പ്രസംഗിച്ചും, പ്രവർത്തിച്ചു കാണിച്ചുമാണ് വിപ്ലവമെന്ന സങ്കൽപ്പം മനുഷ്യ മനസ്സുകളിൽ വരുത്തുവാൻ ശ്രമിക്കുന്നത്. കള്ളു കുടിക്കുകയും, പുകവലിക്കുകയും, കഞ്ചാവടിക്കുകയും സഞ്ചി തൂക്കി താടി വടിക്കാതെ നടക്കുകയും, ചെഗുവരെയുടെ പടമുള്ള ടീ ഷർട്ട് ഇടുന്നതുമാണ് വിപ്ലവം എന്ന് വിചാരിക്കുന്നവരുടെ ഒരു കൂട്ടമാണ് ചിലപ്പോഴെങ്കിലും കമ്മ്യുണിസ്റ്റുകാർ. പഠിപ്പിച്ച അധ്യാപകർക്ക് കുഴിമാടമൊരുക്കുന്നതും, കസേര കത്തിക്കുന്നതും, ഉത്തരവാദിത്ത്വപ്പെട്ട മുൻ ഉദ്യോഗസ്ഥനെ പരസ്യമായി കരണത്തടിക്കുന്നതും ഒക്കെ ഇവരുടെ അണികൾ ചെയ്യുന്നത് സമീപ കാലത്ത് കേരളം കണ്ടതാണ്.

കേരളത്തെയും, ബംഗാളിനെയും ഇത്രയ്ക്കു പിന്നോട്ടു നയിച്ചതിൽ പ്രധാന പങ്കും ഇടതു രാഷ്ട്രീയ പാർട്ടികൾക്കാണ്. ബംഗാളിൽ ഇടതു പക്ഷക്കാർ പൂട്ടിച്ചത് ആയിരക്കണക്കിന് ഫാക്ടറികൾ ആണ്.  ഇന്ത്യയിൽ വ്യവസായ വൽകരണം നടന്ന മേഖലകൾ കമ്യൂണിസ്റ്റ് ആശയങ്ങൾ പേറുന്നവർ ഒന്ന് പോയി നേരിട്ട് കാണണം. അതോടെ അവരുടെ പല അബന്ധ ധാരണകളും മാറും. അവിടെയെല്ലാം ബൂർഷ്വാസികൾ അല്ല ജീവിക്കുന്നത്. കേരളമായിരുന്നു ഇന്ത്യയിലെ IT HUB ആകേണ്ട സ്ഥലം. അത് മറ്റു പല സംസ്ഥാനങ്ങളും കൊണ്ടുപോയതിൽ  എറൊരു പങ്കും വഹിച്ചത് കമ്മ്യൂണിസ്റ്റ് അനുഭാവികൾ മുഖേനയാണ്. എല്ലാ രീതിയിലുള്ള വികസനനത്തിനും  എതിരായിട്ടായിരുന്നു കേരളത്തിൽ ഇടതു പക്ഷത്തിൻറ്റെ  കടന്നു കയറ്റം. വ്യവസായിക, കാർഷിക വളർച്ചയെക്കാൾ ഇടതു പക്ഷം ചരിത്ര പരമായി പ്രാമുഖ്യം കൊടുത്തിരുന്നത് Distributional  Equality  എന്ന ആശയമായിരുന്നു. Distributional  Equality  വേണം; വേണ്ടന്നാരും പറയില്ല. പക്ഷെ ഇന്ത്യയിൽ ഇടതു പക്ഷം വ്യവസായിക, കാർഷിക വളർച്ചയെ അതിൻറ്റെ പേരിൽ എതിർത്തത് അവരുടെ ഭീകരൻ മണ്ടത്തരമായിരുന്നു. ആ ഭീകരൻ മണ്ടത്തരത്തെ ഇന്നെങ്കിലും അവർ തിരിച്ചറിഞ്ഞാൽ അവർക്ക് കൊള്ളാം.

ചരിത പരമായി ഗാന്ധിജിയെ മനസ്സിലാക്കുന്നതിലും  കമ്യൂണിസ്റ്റുകൾക്കും, ആര്‍.എസ്.എസ്സിനും,  അനുബന്ധ സംഘടനകൾക്കും വലിയ തെറ്റു പറ്റി. ഇന്ത്യയിൽ മത സൗഹാർദത്തിനും, മാനുഷികതക്കും വേണ്ടി നിലകൊണ്ട ഗാന്ധിജിയെ തികഞ്ഞ അവഞ്ജയോടെയാണ് ഈ രണ്ടു കൂട്ടരും നോക്കി കണ്ടത്. ഗാന്ധിയെ മനസിലാക്കാതെ ഈ രണ്ടു കൂട്ടർക്കും ഇന്ത്യയെ കണ്ടെത്താനാവുകയില്ല. ഇതിൽ കമ്മ്യുണിസ്റ്റുകാരാണ് ഏറെ പിന്നോക്കം നിൽക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ള നിരവധി ജാതികളേയും അവയെ സർവാത്മനാ പിന്തുണക്കുന്ന അനവധി മതങ്ങളേയും ശരിയായി മനസ്സിലാക്കാതെ കമ്യൂണിസ്റ്റുകൾക്ക് ഇന്ത്യയെ കണ്ടെത്താനാവുകയില്ല. പ്രപഞ്ചത്തിൽ ഭൌതിക തലം പോലെ ആത്മീയ തലം കൂടി ഉണ്ടെന്നു കമ്യൂണിസ്റ്റുകൾ തിരിച്ചറിയണം. അത് പോലെ തന്നെ ഈ രണ്ടു കൂട്ടരും ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പ്രത്യേകമായി പഠിയ്ക്കുകയും അതിനുവേണ്ട പരിഹാരങ്ങൾ നിർദ്ദേശിയ്ക്കുകയും കൂടി വേണം. ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങൾ, മത്സ്യ തൊഴിലാളികൾ - ഇവരുടെ പ്രശ്നങ്ങൾക്ക് പ്രത്യേക ഊന്നൽ കൊടുക്കണം. അസംഘടിത മേഖലയെയും, കർഷകരെയും, മറ്റു സാധാരണക്കാരുടെയും പ്രശ്നങ്ങൾ തീർത്തും അവഗണിച്ചു കൊണ്ടായിരുന്നു നോട്ടു നിരോധനം പോലുള്ള പദ്ധതികൾ ബി.ജെപി. സർക്കാർ നടപ്പാക്കിയത്. ജി.എസ്.ടി. നടപ്പാക്കിയപ്പോഴും അസംഘടിത മേഖലയിലെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിച്ചു. ദരിദ്രനെയും, ദളിതനെയും അവജ്ഞയോടെ കാണുന്ന കേരള സമൂഹത്തിൻറ്റെയും, ഇന്ത്യൻ സമൂഹത്തിൻറ്റെയും പ്രതീകം തന്നെ ആയിരുന്നു ജിഷയുടെ കൊലപാതകം കൈകാര്യം ചെയ്ത രീതിയും ആ പെൺകുട്ടിയുടെ സ്വൊഭാവഹത്യ നടത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിലും, ഓൺലെയിൻ പത്രങ്ങളിൽ ഉണ്ടായ കമൻറ്റുകളും. ഇത്തരം മൂല്യ ബോധ്യങ്ങൾ മാറ്റാതെ സാമൂഹ്യ നീതി എങ്ങനെ ഇന്ത്യയിൽ എല്ലാവർക്കും എത്തിക്കുവാൻ സാധിക്കും?

നമ്മുടെ രാജ്യം ഭരിച്ച ഭരണാധികാരികളുടെ ദീർഘ വീക്ഷണകുറവ് സാമൂഹ്യമായ മൂല്യ ബോധ്യങ്ങൾ മാറ്റുന്നതിലും, ദാരിദ്ര്യം പരിഹരിക്കപ്പെടുന്നതിലും നമ്മെ സഹായിച്ചില്ല. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ 'ഗരീബി ഹഠാവോ' പിന്നീട് സഞ്ജയ് ഗാന്ധിയുടെ കുടിയൊഴിപ്പിക്കലും, നിർബന്ധിത വന്ധ്യംകരണവും ഒക്കെയായി 'ഗരീബിയോം കോ ഹഠാവോ' ആയി മാറി. കുറെ മൂഢ സങ്കൽപ്പങ്ങൾക്കുള്ളിൽ നിന്ന് നമ്മുടെ ഇടതു പക്ഷവും, വലതു പക്ഷവും വിദേശ നിക്ഷേപത്തെയും, വ്യവസായ വൽക്കരണത്തെയും എതിർത്തു. കഴിഞ്ഞ 20-30 വർഷം കൊണ്ടാണ് ചൈന അടിസ്ഥാന സൗകര്യങ്ങളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മാറ്റിവെച്ച് വിദേശ നിക്ഷേപം സ്വീകരിച്ച് വികസനം കൊണ്ടുവന്നത്. ഡെങ്ങിൻറ്റെ ആ 'പ്രായോഗികാ വാദം' കൊണ്ട് ദശ ലക്ഷങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കര കയറ്റാൻ ചൈനക്ക് സാധിച്ചു. ഇസ്രയേൽ ഡ്രിപ് Irrigation നല്ല രീതിയിൽ നടപ്പാക്കി മരുഭൂമികൾ പോലും വിള ഭൂമിയാക്കി. വിയറ്റ്നാമിൽ പുതിയ 'ഡോയ്മോയ്' പരിഷ്കാരങ്ങളിലൂടെ കർഷകർക്ക് കൃഷി ഭൂമി തിരിച്ചു നൽകി അവർ നെല്ലുൽപാദനത്തിൽ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളിലെത്തി കഴിഞ്ഞു. ദുബായ്, സിംഗപ്പൂർ, ഹോങ്കോങ് - എന്നീ കൊച്ചു പ്രദേശങ്ങൾ വൻ വളർച്ച കൈവരിച്ചു. കുഞ്ഞൻ രാജ്യമായ ദക്ഷിണ കൊറിയ L .G ., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ് - എന്നിങ്ങനെയുള്ള അന്താരാഷ്‌ട്ര നിലവാരമുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചു. ഇത്തരം പ്രായോഗികതയിൽ ഊന്നിയ സമീപനം ആണ് ഇൻഡ്യാക്കാരായ നമുക്ക് ഇല്ലാതെ പോയത്. ഡോക്ടർ മൻമോഹൻ സിങ് ഇടതു പക്ഷ തീവ്ര വാദത്തേയും, വലതു പക്ഷ തീവ്ര വാദത്തേയും ഒരു പോലെ എതിർത്തു കൊണ്ടാണ് ഇവിടെ സാമ്പത്തിക ഉദാരവൽക്കരണം കൊണ്ടു വന്നത്. ഡൽഹിയിൽ എനിക്ക്  നേരിട്ട് കേൾക്കാൻ പറ്റിയ ഡോക്ടർ മൻമോഹൻ സിങ്ങിൻറ്റെ ഒരു പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞത് "ഉദാരവൽക്കരണത്തിൻറ്റെ ഒരു പ്രധാന ലക്ഷ്യം ശക്തമായ മധ്യ വർഗത്തെ ഇന്ത്യയിൽ സൃഷ്ടിക്കുകയാണ്" എന്നായിരുന്നു. സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ ഫലമായി ശക്തമായ മധ്യ വർഗം ഇന്ത്യയിൽ രൂപം കൊണ്ടു എന്നത് സമീപ കാല ചരിത്ര സത്യമാണ്.

ഇന്ത്യയിൽ ദാരിദ്ര്യം ഏറെ ഉണ്ടെങ്കിലും സമീപ കാലത്ത് ദാരിദ്ര്യ നിർമാർജനത്തിൽ നാം വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യൺ എന്ന സംഖ്യയിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളർച്ചയും, മറു വശത്ത് തൊഴിലുറപ്പു പദ്ധതികൾ പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് 37 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ദരിദ്രരുടെ എണ്ണം കുറക്കുവാൻ സാധിച്ചു എന്നതാണ്.

സംരഭകത്ത്വത്തിലൂടെ ഒരു വശത്ത് സാമ്പത്തിക വളർച്ചയും, മറു വശത്ത് ഭരണ കൂടത്തിൻറ്റെ ക്ഷേമ പ്രവർത്തനങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ ദാരിദ്ര്യം മാറുകയുള്ളൂ. ദാരിദ്ര്യം മാറ്റാനുള്ള വ്യക്തികളുടെ ഇച്ഛാശക്തിയും വളരെ പ്രധാനമാണ്. 1947-ലെ  വിഭജനത്തിന് ശേഷം കടത്തിണ്ണയിൽ ഉറങ്ങേണ്ടി വന്ന അഭയാർഥികൾ സാമ്പത്തികമായും, സാമൂഹ്യമായും ഉയർന്നു വന്ന കഥകൾ ഓരോ ഇന്ത്യക്കാരനും പ്രചോദനം പകരേണ്ട ഒന്നാണ്. ചരിത്രം പറഞ്ഞും, ഭയപ്പെടുത്തിയും വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ സാമൂഹ്യമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ദളിത്-മുസ്ലീം-പിന്നോക്ക-ആദിവാസി സമൂഹങ്ങൾക്ക് ലഭ്യമാക്കി അവരുടെ സാമൂഹ്യ, സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്. ദളിത്-ആദിവാസി-വിഭാഗങ്ങളിൽ സമ്പാദ്യ ശീലം വളർത്തേണ്ടതും അവരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് വളരെ അത്യാവശ്യമാണ്. അത് പോലെ തന്നെ ഇപ്പോഴുള്ള കാർഷിക രീതികൾ മാറേണ്ടതുണ്ട്. കാർഷിക രീതികളിലെ ആധുനിക വൽക്കരണവും, യന്ത്രവൽക്കരണവും അത്യന്താപേക്ഷിതമാണ്. സംരംഭകത്വം ദളിത്-ആദിവാസി-പിന്നോക്ക-മുസ്ലീം വിഭാഗങ്ങളിൽ എല്ലാ രീതിയിലും പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. സംരംഭകത്വം എല്ലാ വിഭാഗങ്ങളിലും പെടുന്ന സ്ത്രീകളിലും ആവതും പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. ഇതിനോടൊപ്പം തന്നെ സാമൂഹ്യ അനാചാരങ്ങൾക്കെതിരെയും, അന്ധ വിശ്വാസങ്ങൾക്കെതിരെയും ഇന്ത്യയിൽ വൻ മുന്നേറ്റം നടക്കേണ്ടതുണ്ട്. സ്ത്രീധനം, മൃഗബലി, കോഴിക്കുരുതി, സ്ത്രീകളെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നഗ്‌നരാക്കി നടത്തിക്കൽ, കൂട്ട ബലാത്സംഗം ചെയ്യിക്കൽ, ദുരഭിമാന കൊലകൾ - ഇവയ്‌ക്കെല്ലാത്തിനും എതിരെ ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ ഒന്നിക്കേണ്ടതാണ്. നരബലി പോലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇൻഡ്യയിൽ നടക്കുന്നു എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ മധുരക്കടുത്തുള്ള ഒരു സ്ഥലത്ത് നരബലി നടന്നിരുന്നു. അത് നടത്തിയ ആളുടെ ചിത്രങ്ങളടക്കം പത്രങ്ങളിൽ വന്നതാണ്. സാമൂഹ്യ അനാചാരങ്ങൾക്കു പൊരുതുന്നതിനൊപ്പം സമഭാവനയോടെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നോക്കി കാണേണ്ട ഒരു സംസ്കാരവും, മനോഭാവവും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇൻഡ്യാക്കാരായ നമുക്കെല്ലാവർക്കും ഉണ്ടാവേണ്ടതും ദാരിദ്ര്യം പരിഹരിക്കുന്നതിനും, സാമൂഹ്യ പുരോഗതിയ്ക്കും, സാമ്പത്തിക വളർച്ചയ്ക്കും വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ