2017 നവംബർ 7, ചൊവ്വാഴ്ച

ജി.എസ്.ടി. -യും, നോട്ടു നിരോധനവും ഇന്ത്യയെ തകർത്തോ?

ഇന്ത്യയെ പോലെ വളരെ വിസ്തൃതവും, വൈവിധ്യവും ഉള്ള ഒരു രാജ്യത്ത് നോട്ടു നിരോധനവും, ഏകീകൃത നികുതി സംവിധാനവും വരുമ്പോൾ പ്രശ്നങ്ങളുണ്ടാകുന്നത് സ്വോഭാവികം മാത്രം. പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ മാത്രമാണ് അൽഭുതം. 'വൾനെറബിൾ' എന്ന് കരുതപ്പെടുന്ന ജന വിഭാഗങ്ങളുടെ ജീവിതത്തെയും ഇത്തരം സാമ്പത്തിക പരിഷ്‌കാരങ്ങൾ ബാധിക്കും എന്ന കാര്യത്തിലും സംശയമില്ല. പക്ഷെ അതുകൊണ്ടൊക്കെ നമ്മുടെ സമ്പത്തു വ്യവസ്ഥ തകർന്നു എന്നൊക്കെ ചിലർ തട്ടിവിടുമ്പോൾ കാര്യകാരണ സഹിതം യുക്തിഭദ്രമായി നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ നോക്കി കാണേണ്ടേ? കുറെ തിരിച്ചടികൾ ഉണ്ടായെന്നു കരുതി കപ്പൽ മുഴുവൻ മുങ്ങി എന്ന് അർത്ഥമുണ്ടോ?

സാധാരണ ജനത്തെ സംബന്ധിച്ച് സാധനങ്ങളുടെ വില കുറയണം; അവരുടെ വരുമാനവും കൂടണം; ജനങ്ങൾക്ക് തൊഴിലവസരങ്ങളും ഉണ്ടാവണം - എന്നാൽ നല്ല സമ്പത് വ്യവസ്ഥയായി. ഇപ്പോൾ സാമ്പത്തിക വളർച്ച കൂടിയാലും കുറഞ്ഞാലും ജനം ദൈനം ദിനാവശ്യങ്ങൾക്കു കടയിൽ നിന്നും വാങ്ങുന്ന സാധനങ്ങളുടെ വില കൂടുന്നതല്ലാതെ കുറയുന്നത് കാണാറില്ലാ. ആളോഹരി വരുമാനവും, റിവേഴ്സ് റിപ്പോ നിരക്കും സാധാരണക്കാരായ വായനക്കാരിൽ പലർക്കും   മനസിലാക്കാൻ ബാലികേറാമലയാണ്. അതുകൊണ്ട് റിസർവ് ബാങ്കിൻറ്റെ തീരുമാനങ്ങളിലും, ജി.ഡി.പി.-യിലും, വളർച്ചാ നിരക്കിലും ഒന്നും അല്ല കാര്യം. ഇവയൊക്കെ നോക്കി രാജ്യത്തിൻറ്റെ സാമ്പത്തിക സ്ഥിതി തകർന്നു എന്നനുമാനിക്കുന്നതും അതുകൊണ്ട് തന്നെ ശുദ്ധ മണ്ടത്തരവുമാണ്. അപ്പോൾ വരുമാനം കൂട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ചില മേഖലകളിലൊക്കെ കൂടിയിട്ടുണ്ട് എന്ന് തന്നെയാണ് ഉത്തരം. തൊഴിലവസരങ്ങൾ കൂടിയോ എന്ന് ചോദിച്ചാൽ ഉദ്ദേശിച്ചത് പോലെ കൂടിയിട്ടില്ലാ; ഒരുപക്ഷെ കുറഞ്ഞിട്ടുണ്ട് എന്നും ഉത്തരം പറയേണ്ടി വരും.

ജി.ഡി.പി.-യും, സമ്പത് വ്യവസ്ഥയുടെ വളർച്ചാ നിരക്കും കുറയുന്നു എന്ന് പറഞ്ഞു ചിലർ  ജി.എസ്.ടി. - യ്ക്കും, നോട്ടു നിരോധനത്തിനും എതിരേ സ്ഥിരം ആക്രമണം അഴിച്ചു വിടുന്നുണ്ട്. പക്ഷെ വാസ്തവമെന്താണ്? മൂന്നു മാസത്തെ കണക്കു വെച്ച് ഒരു രാജ്യത്തിൻറെ സാമ്പത്തീക വളർച്ച തകർന്നു എന്ന് പറയുന്നത് ഒട്ടും ശരിയല്ല. നോട്ട് നിരോധനത്തിന് മുൻപുള്ള ക്വാർട്ടറിൽ മൂന്ന് മാസത്തെ ജി.ഡി.പി. വളർച്ചാ നിരക്ക് 7.2 % ആയിരുന്നു. പിന്നീട് 2017 ജനുവരി - മാർച്ച് വരെ ഉള്ളത് 6.1% ആയി കുറഞ്ഞു എന്നുള്ളത് വാസ്തവമാണ്. പക്ഷെ 2016 - 2017 വർഷത്തെ - അതായതു നാല് ക്വാർട്ടറും കൂടിയുള്ള ആവറേജ് ജി.ഡി.പി. വളർച്ച 7.1 % ആണ്. അത് 2015 - 2016 സാമ്പത്തിക വർഷത്തെ 7 .6 % വുമായി താരതമ്യം ചെയ്‌താൽ അര ശതമാനത്തിന്റെ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. ഡോക്റ്റർ മൻമോഹൻ സിംഗ് പ്രവചിച്ച 2 % കുറവിൻറ്റെ നാലിൽ ഒന്ന് മാത്രം. ഇനി വരാനിരിക്കുന്ന 2017 - 2018 വർഷത്തെ സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 7.9 ശതമാനമായിരിക്കും എന്നാണു സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ഇപ്പോൾ പറയുന്നത്. 2016 - 2017 വർഷത്തെ 7.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇതു കേവലം 0.8 ശതമാനത്തിലുള്ള കുറവ് മാത്രമേയുള്ളൂ. ഇത് അത്ര ആനക്കാര്യമല്ല.

ഇന്ത്യയിൽ എക്കാലത്തും ജി.ഡി.പി. കാൽകുലേറ്റ് ചെയ്യുന്നത് 'സെൻട്രൽ സ്റ്റാറ്റിസ്‌റ്റിക്കൽ ഓർഗനയ്സേഷൻ' ആണ്.  അവരുടെ വ്യവസ്ഥാപിത രീതികൾ  ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. അപ്പോൾ ജി. ഡി. പി. കാൽകുലേറ്റ് ചെയ്യുന്ന ഫോർമുല മാറ്റി എന്നൊക്കെ ചിലർ പ്രചരിപ്പിക്കുന്നത് ഒട്ടുമേ ശരിയല്ല. 'സെൻട്രൽ സ്റ്റാറ്റിസ്‌റ്റിക്കൽ ഓർഗനയ്സേഷൻ' തരുന്ന വിവരങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകത്താകെയുള്ള Stake ഹോൾഡേഴ്സ്  ആധികാരിക വിവരമായി തന്നെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. 'സെൻട്രൽ സ്റ്റാറ്റിസ്‌റ്റിക്കൽ ഓർഗനയ്സേഷൻ' മാത്രമല്ലാ; ഇന്ത്യയിലെ ജി.ഡി.പി. കാൽകുലേറ്റ് ചെയ്യുന്നത്. വേൾഡ് ബാങ്ക്, ഇൻറ്റെർനാഷണൽ മോണിറ്ററി ഫണ്ട്, വിവിധ ഇൻറ്റെർനാഷണൽ റേറ്റിംഗ് എജൻസിസ്‌, വിദേശ ബാങ്കുകൾ, ഇൻവെസ്റ്റ്മെൻറ്റ് HOUSES - ഒക്കെ പാരലൽ ആയി തന്നെ ഇന്ത്യൻ സമ്പത് വ്യവസ്ഥ നിരീക്ഷിക്കുന്നു. ഇവരാരും  'സെൻട്രൽ സ്റ്റാറ്റിസ്‌റ്റിക്കൽ ഓർഗനയ്സേഷൻ' മെത്തഡോളജിയിലോ, ജി. ഡി. പി കാൽകുലേറ്റ് ചെയ്യുന്ന രീതിയിലോ ഇതുവരെ എന്തെങ്കിലും ഒബ്ജക്ഷൻസ് ഉന്നയിച്ചിട്ടില്ല. ഇങ്ങനെ കുറ്റം പറയാത്തതിനർത്ഥം ജി. ഡി. പി 'കാൽകുലേറ്റ്' ചെയ്യുന്നത് ഏറെക്കുറെ ശരിയാണെന്നാണ്.

പണ്ട് ഗോർബച്ചേവിൻറ്റെ സമയത്ത് പാവ്ലോവ് പരിഷ്‌കാരത്തിൻറ്റെ (Pavlov Reform) ഭാഗമായി സോവിയറ്റ് യൂണിയനിൽ നോട്ടു നിരോധനം നടത്തിയപ്പോർ ഹൈപ്പർ ഇൻഫ്‌ളേഷൻ ആയിരുന്നു. ഭാഗ്യവശാൽ ഇന്ത്യയിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ പ്രഖ്യാപിത ലക്ഷ്യമായ കള്ളപ്പണം അധികമൊന്നും വീണ്ടെടുത്തിട്ടില്ല; കള്ള പണമൊന്നും ഇന്ത്യയിൽ ഇതുവരെ നിയന്ത്രിച്ചു കണ്ടിട്ടുമില്ല; ടാക്സ് വെട്ടിക്കുന്നവരെ ശിക്ഷിച്ചും ഇതുവരെ കണ്ടിട്ടില്ല. 130 കോടി ജനങ്ങളുള്ള ഒരു ബ്രിഹത്തായ രാജ്യത്തിലെ ജനങ്ങളുടെ ക്രയ വിക്രയങ്ങൾ താറുമാറാക്കുന്നതും അത്ര  ശരിയായ കാര്യമല്ലായിരുന്നു. അവരുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നത് ശരിയായ കാര്യമല്ലായിരുന്നു. നൂറു രൂപയുടെയും മറ്റ് ചെറിയ കറൻസികളുടെയും സർക്കുലേഷൻ വർധിപ്പിച്ചതുനുശേഷം നടത്തേണ്ട ഒരു എക്സർസൈസ് ആയിരുന്നു നോട്ടു നിരോധനം. മുന്നൊരുക്കം ഒട്ടും ഇല്ലാതെ, ഗൃഹപാഠം ചെയ്യാതെ നടപ്പിലാക്കിയ നോട്ടു നിരോധനം ജനത്തെ ബുദ്ധിമുട്ടിച്ചു. സമൂഹത്തിലെ എല്ലാ തരക്കാരെയും ഇത് പ്രതികൂലമായി ബാധിച്ചു. ചുരുങ്ങിയ പക്ഷം പുതിയ 2000 രൂപാ നോട്ട് നിരോധിച്ച അഞ്ഞൂറിൻറ്റെയും, ആയിരത്തിൻറ്റെയും അതെ വലിപ്പത്തിൽ ആയിരുന്നുവെങ്കിൽ പുതിയ 2000 രൂപാ നോട്ട് ആ രീതിയിൽ തന്നെ ATM കൗണ്ടറുകളിൽ നിറക്കാമായിരുന്നു. പക്ഷെ അതും ഉണ്ടായില്ല. ചുരുക്കം പറഞ്ഞാൽ ഭരണപരമായ പരിചയത്തിൻറ്റെ അഭാവം നോട്ടുനിരോധനത്തിലൂടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. വ്യക്തമാക്കി. നാടകീയമായ പ്രഖ്യാപനങ്ങളിലൂടെ അല്ലായിരുന്നു ഇത്തരം നടപടികൾ നടപ്പിലാക്കേണ്ടിയിരുന്നത്. പിന്നീട് ജി.എസ്.ടി. അർദ്ധ രാത്രിയിൽ നാടകീയമായ പ്രഖ്യാപനത്തിലൂടെ നടപ്പാക്കി വീണ്ടും ജനത്തെ ബുദ്ധിമുട്ടിച്ചു.

പക്ഷെ ഇതുകൊണ്ടൊക്കെ സമ്പത് വ്യവസ്ഥ താറുമാറായോ? ഇല്ലെന്നു വേണം പറയാൻ. വെറുതെയൊന്നും ഈ രാജ്യത്തിൻറ്റെ സമ്പത് വ്യവസ്ഥ  തകരില്ല. പുതിയ 2000 രൂപാ നോട്ടിൽ മൈക്രോചിപ്പ്‌ ഉണ്ടെന്നൊക്കെ അടിച്ചു വിട്ട് പ്രചാരണം നടത്തിയവരൊക്കെ വേറെ ലെവലിൽ ഉള്ളവരാണ്. ഇതെഴുതുന്നയാളുടെ വിശകലനം അത്തരത്തിലുള്ളതല്ല. ബി.ജെ.പി.-യും, സംഘ പരിവാറുകാരും പറയുന്നത് പോലെ കള്ളപ്പണം നമ്മുടെ സമ്പത് വ്യവസ്ഥയിൽ നല്ല അളവിൽ ഉണ്ടായിരുന്നു എന്നത് നമുക്കെല്ലാവർക്കും അറിയാം. റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, സ്വർണ വ്യാപാരം, ടെക്സ്റ്റയിൽ, ഹോട്ടൽ, സിനിമാ വ്യവസായം - തുടങ്ങിയ മിക്ക മേഖലകളിലും കള്ളപ്പണം നന്നായി ഒഴുകിക്കൊണ്ടാണ് ഇരുന്നത്. പക്ഷെ ബി.ജെ.പി.-യും, സംഘ പരിവാറുകാരും അവകാശപ്പെട്ടത് പോലെ കള്ളപ്പണം പിടിക്കാൻ പറ്റിയോ? ഇല്ലെന്നു വേണം പറയാൻ.

കള്ളപ്പണം എന്ന വിഷയം പൊക്കിപ്പിടിച്ച് ബി.ജെ.പി.-യും, സംഘ പരിവാറുകാരും കണ്ടമാനം രാഷ്ട്രീയം കളിച്ചു. നാടകീയമായ പ്രഖ്യാപനങ്ങൾ ഒരുപക്ഷെ  കള്ളപ്പണം നിയന്ത്രിക്കുവാൻ തങ്ങൾ വിപ്ലവകരമായ പരീക്ഷണങ്ങൾ നടത്തുന്നു എന്ന് കാണിക്കുവാൻ ആയിരുന്നിരിക്കണം. തൊഴിലവസരങ്ങൾ കൂട്ടുന്നതിലും, വരുമാനം കൂട്ടുന്നതിലും, വിലക്കയറ്റം നിയന്ത്രിക്കുന്നതിലുമാണ് ഒരു സാധാരണ പൗരനെ സംബന്ധിച്ച് സമ്പത് വ്യവസ്ഥ പ്രയോജനം ചെയ്യുന്നത്. ഇതിൽ തൊഴിലവസരങ്ങൾ കൂട്ടുന്നതിൽ സർക്കാർ അമ്പേ പരാജയപ്പെട്ടു. ഒരു കോടിയിൽ പരം തൊഴിലവസരങ്ങൾ ഓരോ വർഷവും സൃഷ്ടിക്കും എന്നതായിരുന്നു നേരത്തേ ബി.ജെ.പി.-യുടെ വാഗ്ദാനം. 2011 മുതൽ തന്നെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുര്ഞ്ഞിരുന്നു എന്നാണ് 'ലേബർ സ്റ്റാറ്റിസ്‌റ്റിക്സ്' ഉദ്ധരിച്ച് പലരും പറയുന്നത്. നോട്ടു നിരോധനവും, ജി.എസ്.ടി-യും ഒക്കെ വന്നതിൽ പിന്നെ സ്ഥല കച്ചവടവും, കെട്ടിട വിൽപ്പനയും ഒന്നും നടക്കുന്നില്ല. വസ്തു വിൽക്കാനോ, വാങ്ങാനോ ആർക്കും ധൈര്യമില്ല. നിർമാണ മേഖലയിൽ പണം മുടക്കാൻ പലരും തയാറല്ല. നിർമാണ മേഖല മൊത്തത്തിൽ മാദ്യത്തിലായി.  റിയൽ എസ്റ്റേറ്റിലായിരുന്നല്ലോ പണ്ട് ഏറ്റവും കൂടുതൽ കള്ളപ്പണം ഒഴുകിയിരുന്നത്.  കള്ളപ്പണത്തിൻറ്റെ പേരിൽ ബിൽഡർമാരും, റിയൽ എസ്റ്റേറ്റ് എജെൻറ്റുകളും പിടിയിലാകും എന്ന് കണ്ടാൽ പിന്നെ ആര് പണം മുടക്കും? സമീപ കാലത്ത് ഫ്ലാറ്റ് നിർമാണത്തിൽ തട്ടിപ്പു നടത്തി എന്ന പേരിൽ പല ബിൽഡർമാരും കോടതി കയറിയതും നിർമാണ മേഖലയിലെ ഈ മാദ്യത്തെ തുടർന്നായിരുന്നു.

തുകൽ മേഖലയിലും (ലെതർ ഇൻഡസ്ട്ട്രി) വൻ പ്രതിസന്ധി രൂപപ്പെട്ടു. മുംബയിലെ ധാരാവി, ഉത്തർ പ്രദേശിലെ കാൺപൂർ - ഈ സ്ഥലത്തെയൊക്കെ ജീവനാഡി തന്നെ ലെതർ ഇൻഡസ്ട്ട്രിയാണ്. ഈ തുകൽ മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ബി.ജെ.പി.-യുടേയും, സംഘ പരിവാറുകാരുടേയും പശു രാഷ്ട്രീയമാണ്. ബി.ജെ.പി. പല സംസ്ഥാനങ്ങളിലും അധികാരത്തിൽ എത്തിയപ്പോൾ നടപ്പാക്കിയ ഗോവധ നിരോധനം മൂലം തുകൽ വ്യവസായത്തിന് വൻ പ്രതിസന്ധി നേരിട്ടു. രാജ്യത്തിൻറ്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുണ്ടായിരുന്ന തുകൽ വ്യവസായത്തിൻറ്റെ നട്ടെല്ലൊടിക്കുന്ന സ്ഥിതിയാണ് ഇതുമൂലം ഉണ്ടായത്. ലോകത്ത് തുകൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കാര്യത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം ഉണ്ടായിരുന്നു. ഇതിൽ അനുദിനം ഇടിവുണ്ടായി. പാദരക്ഷകളുടെ കയറ്റുമതിയിൽ  ഇടിവുണ്ടായി.  കൃത്യമായ സപ്‌ളൈ ഉറപ്പില്ലാതെ ആയതോടെ ഇന്ത്യയിൽ നിന്ന് തുകൽ ഇറക്കുമതി ചെയ്തിരുന്ന ആഗോള ബ്രാൻറ്റുകളെല്ലാം ചൈന, ബംഗ്‌ളാദേശ്, ഇൻഡോനേഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി തുടങ്ങുകയും ചെയ്തു. മാംസത്തിൻറ്റേയും തുകലിൻറ്റേയും കയറ്റുമതി കേന്ദ്രങ്ങൾ മിക്കവയും പൂട്ടി. തൊഴിലില്ലായ്മയും ഈ മേഖലയിൽ വ്യാപകമായി. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുപ്പൂരിലും നോട്ടു നിരോധനം ടെക്സ്റ്റയിൽ മേഖലയെ വൻ പ്രതിസന്ധിയിലാക്കി. പകുതിയിലേറെ തൊഴിലാളികളെ തിരിപ്പൂരിലെ ടെക്സ്റ്റയിൽ മേഖലയിൽ നിന്ന് പറഞ്ഞു വിട്ടെന്നാണ് അവിടുന്നുള്ള റിപ്പോർട്ടുകൾ. ചുരുക്കത്തിൽ മൂന്ന് വർഷം പൂർത്തിയാക്കിയ മോദി സർക്കാറിന് രാജ്യത്തെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാൻ ഒട്ടും സാധിച്ചിട്ടില്ല.

2017 ഓഗസ്റ്റ് 29 വരെ 15.28 ലക്ഷം നിരോധിച്ച 500,1000 നോട്ടുകൾ തിരിച്ചെത്തി എന്നാണ് കണക്കുകൾ. എന്ന് വെച്ചാൽ 99 ശതമാനം നിരോധിച്ച നോട്ടുകളും തിരിച്ചെത്തി. ഇതിൽ കള്ള നോട്ടെത്ര, ഇത് നിക്ഷേപിച്ചവരുടെ പേര് വിവരങ്ങൾ, അവരുടെ ;സോഴ്സ് ഓഫ് ഇൻകം' - ഇതൊക്കെ പരിശോധിക്കുക എന്ന് പറഞ്ഞാൽ മാരത്തൺ പ്രക്രിയയാണ്. കള്ളപ്പണം ഏതെങ്കിലും രീതിയിൽ ഇന്ത്യയിൽ ഇൻവെസ്റ്റ് ചെയ്യിപ്പിക്കുന്നതാണ് കള്ള പണം തടയാൻ ഏറ്റവും നല്ല മാർഗം. അല്ലാതെ ഇതിനെ കുറിച്ച് പ്രാഥമികമായ വിവരം പോലുമില്ലാത്ത സാധാരണക്കാരുടെ മുമ്പിൽ കള്ളപ്പണം വലിയ വിഷയമായി അവതരിപ്പിച്ച് എന്തോ ഭയങ്കര സംഭവം നടക്കാൻ പോകുന്നു എന്ന തരത്തിൽ നാടകീയമായ പ്രഖ്യാപനങ്ങൾ നടത്തിയിട്ട് ഒരു പ്രയോജനവും ഇല്ലാ. ജനങ്ങൾ ഇക്കണോമിക്സ് പഠിക്കാത്തതു കൊണ്ട് അവരെ വേഗം കളിപ്പിക്കാൻ പറ്റും. വെറുതെ ജയ് വിളിക്കുന്നവർക്ക് മോണിട്ടറി ഇക്കണോമിക്സിനെ കുറിച്ചു  വലിയ പിടിപാടൊന്നും ഇല്ല. പത്രക്കാർക്കും, ഇക്കണോമിക്സ് പഠിച്ചവർക്ക് പോലും ബാങ്ക് ക്യാപ്പിറ്റലിനെ കുറിച്ചും,  ഇൻഡസ്ട്രിയൽ ക്യാപ്പിറ്റലിനെ കുറിച്ചും  വലിയ പിടിപാടൊന്നും ഇല്ല. ഈ ഫിനാൻസ് ക്യാപ്പിറ്റലിനെ കുറിച്ചുള്ള അറിവില്ലായ്മ  മിക്ക പത്രങ്ങളിലെയും, ഓൺലയിൻ മാധ്യമങ്ങളിലെ  ലേഖനങ്ങളിലും നന്നായി പ്രതിഫലിക്കുന്നുണ്ട്. 'മണീ ലോണ്ടറിംഗ്' വഴി ഏതു കള്ള പണവും വെളുപ്പിക്കാൻ പറ്റും. ചെറുതുകകളായി മാറ്റി പലർക്കും കമ്മീഷൻ കൊടുത്ത് അവരെ കൊണ്ട് ബാങ്കിലടപ്പിച്ചതിനു ശേഷം കുറെ നാൾ കഴിഞ്ഞു സ്വന്തം അക്കൗണ്ടിലേക്ക് കാശ് വരുത്തുന്ന രീതിയാണ് 'മണീ ലോണ്ടറിംഗ്'. പച്ച കറി കടക്കാരെയും, ലോട്ടറിക്കാരെയും, കോളനി വാസികളെയും, കൂലി പണിക്കാരെയും മുമ്പിൽ നിർത്തി കള്ള പണക്കാർ നോട്ടു നിരോധനത്തിന് ശേഷം കളിച്ചു. 'മണീ ലോണ്ടറിംഗ്' നടത്തിയത് ഇത്തരക്കാരെ മുമ്പിൽ നിർത്തിയായിരുന്നു. രാഷ്ട്രീയ പാർട്ടികളിലെ കള്ള പണമുള്ള നേതാക്കന്മാർ ഇതു പോലെ അണികളെ ഉപയോഗിച്ച് കള്ള പണം വെളുപ്പിക്കാൻ നോക്കിയതായും റിപ്പോർട്ടുകൾ ഉണ്ട്. പല കള്ളപ്പണവും അങ്ങനെയാണ് പിടിക്കപ്പെട്ടത്. മത പുരോഹിതർക്കും, Salaried ക്ലാസിനും ഒരു പ്രശ്നവും ഇല്ലാതെ കള്ള പണം വെളുപ്പിക്കാൻ പറ്റും. മത പുരോഹിതന്മാർ - അവർ ഏതു മതത്തിലാണെങ്കിലും പണത്തിൻറ്റെ ഉറവിടം ചോദിക്കുന്നത് പതിവില്ലല്ലോ. അത് പോലെ പത്തും, ഇരുപതും വർഷം സർക്കാർ ജോലി ചെയ്തവർക്ക് കണക്കു കാണിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. നോട്ടു നിരോധനത്തിന് ശേഷം ബാങ്ക് ജീവനക്കാർ തന്നെ കള്ളപ്പണം വെളുപ്പിക്കുവാൻ പല സ്ഥലങ്ങളിലും കൂട്ടു നിന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ വലിയ തോതിലുള്ള കള്ളപ്പണം വെളുപ്പിക്കുന്ന പ്രക്രിയയാണ് നോട്ടു നിരോധനത്തിലൂടെ നടന്നത്.

പക്ഷെ ഇതൊക്കെയാണെങ്കിലും നോട്ടു നിരോധനവും, ജി.എസ്.ടി.-യും മൂലം ചില നേട്ടങ്ങളൊക്കെ സമ്പത് വ്യവസ്ഥയ്ക്കുണ്ടായി. വിദേശ നിക്ഷേപം 40% കണ്ട്‌ വർദ്ധിച്ചു. ഇന്ത്യയുടെ കരുതൽ ധനം ആദ്യമായി $400 ബില്യണിൽ എത്തി. ഡിജിറ്റൽ, ഇലക്ട്രോണിക് രീതിയിലുള്ള പണമിടപാടുകൾ വർദ്ധിച്ചു. 2017 സെപ്റ്റംബർ വരെ നോക്കിയാൽ 82 കോടിയോളം ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്യപ്പെട്ടു. 207375  ATM കൗണ്ടറുകൾ ഇന്ത്യയിൽ ഇതുവരെ ഉണ്ടായി. ഡെബിറ്റ് കാർഡും, ക്രെഡിറ്റ് കാർഡും ഉപയോഗിച്ച് പണമിടപാട് നടത്തുന്ന സ്വൈപ്പിങ്‌ മെഷിനുകളിൽ 12.57 ശതമാനം വർധന ഉണ്ടായി. ആദായ നികുതി ഇ-ഫയലിംഗ് നടത്തുന്നവരുടെ ഇടയിൽ 30  ശതമാനത്തോളം വർധനയും ഉണ്ടായി.

ഇന്ത്യയെ പോലുള്ള സങ്കീർണവും, വിസ്തൃതവുമായ ഒരു രാജ്യത്ത് അല്ലെങ്കിലും നോട്ടു നിരോധനമോ, ജി.എസ്. ടി.-യോ വിജയകരമായി നടപ്പിലാക്കുന്നത് ഒട്ടും എളുപ്പമല്ല. നോട്ട് നിരോധനം വേണമെങ്കിൽ ഒരു ശുദ്ധീകരണ പ്രക്രിയയുടെ തുടക്കമായി കാണാം. നികുതി പരിഷ്ക്കരണം, റിയൽ എസ്റ്റേറ്റ് നിയമം, എല്ലാ പൗരന്മാർക്കും ആധാർ നിർബന്ധമാക്കൽ, ബിനാമി ഇടപാട് തടയൽ, പാൻ നമ്പർ വഴിയുള്ള വൻതോതിലുള്ള പണമിടപാട്  - അങ്ങനെയുള്ള പല പരിഷ്‌ക്കാരങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കുമ്പോഴാണ് ശരിക്കും ഇതൊക്കെ വിജയമാണോ എന്ന് വിലയിരുത്താൻ സാധിക്കുക.  ഇപ്പോൾ തന്നെ പണമിടപാടുകൾ പലതും ഡിജിറ്റൽ ആയി മാറിയതിനാൽ ടാക്സ് വെട്ടിക്കുക അത്ര എളുപ്പമല്ല. 'വൈറ്റ്' ആയി അതുകൊണ്ടു തന്നെ പണമിടപാടുകൾ പലതും മാറിയിട്ടുണ്ട്. ഇപ്പോൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണം 26.6% വർധിച്ചു. അതായത് 2015-16 ൽ പുതിയ നികുതിദായകരുടെ എണ്ണം 66.53 ലക്ഷമായിരുന്നു. ഇപ്പോൾ പുതിയതായി നികുതിയടക്കാൻ തുടങ്ങിയത് 84.21 ലക്ഷം പേർ. സംസ്ഥാനങ്ങളിലും, കേന്ദ്രത്തിലും 'ബുള്ളറ്റ് ട്രെയിൻ' പോലുള്ള വൻ തോതിലുള്ള പദ്ധതികൾക്ക് വലിയ തുക നീക്കിവെക്കേണ്ടി വരും. അതുകൊണ്ടു തന്നെ സമീപ ഭാവിയിൽ സംസ്ഥാനങ്ങളും, കേന്ദ്ര സർക്കാരും അവരുടെ റവന്യു വർദ്ധിപ്പിക്കേണ്ടതുണ്ട്. ഡയറക്റ്റ് ടാക്‌സ് വരുമാനം 19% വർധിച്ചു എന്നത് ആ രീതിയിൽ നോക്കുമ്പോൾ സ്വാഗതാർഹമാണ്.

വസ്തു ഇടപാടുകളിൽ ആദായ നികുതി ശരിയായ രീതിയിൽ  അടക്കാത്തതാണ് രാജ്യം നേരിടുന്ന വലിയൊരു സാമ്പത്തിക പ്രശ്നം. സബ്‌സിഡി സേവനങ്ങൾക്ക് ആധാറും അക്കൗണ്ടുമായി ബന്ധിപ്പിച്ചപ്പോൾ ഇല്ലാതായത് 3.5 കോടി വ്യാജ LPG കണക്ഷനുകളും, 1.6 കോടി വ്യാജ റേഷൻ കാർഡുകളും ആണ്. ഇതും സാമ്പത്തിക രംഗം സുതാര്യമാവുന്ന സൂചനകളാണ് നൽകുന്നത്. പക്ഷെ ആധാർ ഡോക്റ്റർ മന്മോഹൻ സിങ്ങിൻറ്റെ പരിഷ്‌കാരമായിരുന്നു എന്ന് മാത്രം. ആധാറിനെ അമേരിക്കൻ CIA -ക്കു വേണ്ടി നടത്തുന്ന പ്രക്രിയയാണെന്നു പറഞ്ഞു ഏറ്റവും കൂടുതൽ എതിർത്തത് ബി.ജെപി.-യായിരുന്നു എന്നത് ഓർക്കുന്നത് ഇപ്പോൾ രസകരമാണ്.

സർക്കാർ ജീവനക്കാരെയും, സംഘടിത മേഖലയിലുള്ളവരെയും ജി.എസ്.ടി. -യും, നോട്ടു നിരോധനവും അധികം ബാധിച്ചിട്ടില്ല. ഏഴാം ശമ്പള കമ്മീഷൻ പൂർണമായും നടപ്പാക്കുന്നതിലൂടെ ഇവരുടെ വരുമാനം കൂടും. യൂണിവേഴ്‌സിറ്റി അധ്യാപകരുടെ ശമ്പളം ഇതിനോടകം തന്നെ കൂട്ടി കഴിഞ്ഞു. പക്ഷെ നോട്ടു നിരോധനത്തിന് ശേഷം ലോണുകൾ കൊടുക്കേണ്ട ബാങ്കുകൾ എല്ലാം പഴയ നോട്ടുകൾ എടുക്കുന്ന പ്രക്രിയലിലാണല്ലോ ഏർപ്പെട്ടിരുന്നത്. സ്വോഭാവികമായും ബാങ്കുകളുടെ പ്രവർത്തനത്തിലൂടെ 'ബാങ്ക് ക്യാപ്പിറ്റൽ' ഉണ്ടാകുന്ന പ്രക്രിയ തടസപ്പെട്ടു. 'കറക്റ്റീവ്‌ മെഷേഴ്സ്' അല്ലെങ്കിൽ തിരുത്തൽ നടപടികൾ ഇനിയുള്ള കാലത്ത് എടുത്തില്ലെങ്കിൽ ബാങ്കിങ് മേഖലയിൽ പ്രതിസന്ധി വളരെ ആഴത്തിലാകും.

ജി.എസ്.ടി. വരുന്നത് വഴി ഒരു ഉൽപ്പന്നത്തിനും എം.ആർ.പി.-യേക്കാൾ വില കൂടില്ലാ എന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പറയുമ്പോഴും അങ്ങനെയൊന്നും അല്ല വാസ്തവം എന്ന് സാധാരണക്കാരായ ജനത്തിന് അറിയാം. ഒരു ഉൽപ്പനത്തിന് രാജ്യമെങ്ങും ഒരു വില മാത്രം എന്ന് കെട്ടിഘോഷിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കിയ ഈ ജി.എസ്.ടി. പദ്ധതിയും ഭരണപരമായ പാളിച്ചകൾ നോട്ടു നിരോധനം പോലെ തന്നെ തുറന്നു കാട്ടുന്നു. ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടായാൽ ജി.എസ്.ടി. കൗൺസിൽ പരിഹരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. നികുതി കുറച്ചെന്നു പറയുന്ന പല സാധനങ്ങൾക്കും യഥാർത്ഥത്തിൽ വില കൂടി. ടൺ കണക്കിന് കാർഗോ എയർ പോർട്ടുകളിൽ കെട്ടി കിടക്കുന്ന റിപ്പോർട്ടുകൾ ആണ് ജി.എസ്.ടി. നടപ്പാക്കിയ ആദ്യ നാളുകളിൽ വന്നത്. വ്യാപാരികളെ മര്യാദ പഠിപ്പിക്കുവാനും, സത്യസന്ധരാക്കുവാനും ഉള്ള രീതികൾ ഇന്ത്യയിൽ പെട്ടെന്നൊന്നും 'ക്ളച്ചു' പിടി ക്കുവാൻ സാധ്യതയില്ല. 

ധനമന്ത്രിയായിരിക്കെ ഡോക്റ്റർ മന്മോഹൻ സിങ് കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ പടിപടിയായി ഇന്ത്യൻ സമ്പത് വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവന്നു. 2004 -ൽ പ്രധാനമന്ത്രിയായി രണ്ടുവർഷം പിന്നിട്ടതോടെ തന്നെ ആഭ്യന്തര ഉൽപാദനത്തോത് എട്ടിനു മുകളിൽ എത്തിയിരുന്നു. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യകാലം വരെ ഇത് നല്ല നിലയിൽ നിലനിർത്തുകയും ചെയ്തു. കള്ളപ്പണം കണ്ടെത്താനുള്ള ഇപ്പോഴത്തെ സർക്കാറിൻറ്റെ ശ്രമം പൂർണമായും വിജയിച്ചില്ലെങ്കിൽ കൂടി അഭിനന്ദനാർഹമാണ്. നോട്ട് നിരോധനം ഉണ്ടായിട്ടും കാർഷിക മേഖലയിൽ വളർച്ചാ നിരക്കിൽ വർദ്ധനവ് ഉണ്ടായി. അതോടൊപ്പം തന്നെ പ്രതിശീർഷ പ്രതിവർഷ വരുമാനത്തിൽ 9.7% വർധിച്ച് 1,03,219 രൂപയായി. ചെറുകിട മേഖലയിൽ വലിയ തോതിലുള്ള മാന്ദ്യം ഉണ്ട്. ജി.എസ്. ടി. നികുതിഘടന പല ചെറുകിട ഉൽപ്പന്നങ്ങളുടെയും കാര്യത്തിൽ ഒട്ടുമേ ശരിയല്ല. ദക്ഷിണേന്ത്യക്കാർ ദോശയും, ഇഡലിയും ഉണ്ടാക്കാനായി ഉപയോഗിക്കുന്ന 'വെറ്റ് ഗ്രൈൻഡറിന്' 18 ശതമാനം നികുതി ചുമത്തിയത് തന്നെ ഉദാഹരണം. കാർഷിക മേഖലയിലും കണ്ടമാനം പ്രശ്നങ്ങൾ ഉണ്ട്. പശു രാഷ്ട്രീയം കർഷകരുടെയും ജീവിതം ദുരിതത്തിലാക്കി. ഗോവധം നിരോധനം കർശനമായി നടപ്പിലാക്കിയാലുള്ള ദൂഷ്യ ഫലങ്ങളെ കുറിച്ച് മുൻ പ്ലാനിങ് കമ്മീഷൻ മെമ്പർ കീർത്തി പരീക് കുറെ നാൾ മുമ്പ് ദീർഘമായി എഴുതി. തനത് ഇന്ത്യൻ വംശങ്ങളിലുള്ള പശുക്കളെ വിൽക്കാൻ പറ്റാതെ വളർത്തുന്നത് നഷ്ടത്തിലേക്ക് നയിക്കും എന്നത് കണ്ട്‌ അത്തരം പശുക്കളുടെ വംശനാശം ആയിരിക്കും ഗോവധം നിരോധനം കർശനമായി നടപ്പിലാക്കിയാൽ സംഭവിക്കുക എന്ന് കീർത്തി പരീക് തുറന്നെഴുതി. പക്ഷെ ഇതൊക്കെ പശുസ്നേഹം പറയുന്നവരുടെ തലയ്ക്കകത്ത് കേറുമോ???  ഇനി സാമ്പത്തിക രംഗത്ത് മാന്ദ്യം ഉണ്ടാകുകയാണെങ്കിൽ ആ മാന്ദ്യത്തിൻറ്റെ തുടക്കം ബാങ്കുകളിൽ നിന്നായിരിക്കും എന്നാണ് തോന്നുന്നത്. പക്ഷെ രണ്ട് വർഷം കൂടി അവശേഷിക്കുന്ന ഭരണത്തിൽ കേന്ദ്ര സർക്കാരിന് രാജ്യത്തെ മുന്നോട്ട് നയിക്കാൻ പ്രാപ്തമായ നടപടികൾ കൈക്കൊള്ളാൻ സാധിച്ചാൽ രാജ്യത്തിൻറ്റെ സമ്പദ് വ്യവസ്ഥ വളരുമെന്നത് ഉറപ്പാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ