2017 ജൂലൈ 11, ചൊവ്വാഴ്ച

അമർനാഥ് തീർത്ഥാടകരുടെ നേരെ നടന്ന ഭീകരാക്രമണം

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിൽ അമർനാഥ് തീർത്ഥാടകരുടെ ബസിനുനേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ ഏഴ് തീർത്ഥാടകരാണ് കൊല്ലപ്പെട്ടു. 19 തീർത്ഥാടകർക്ക് പരിക്കേറ്റു. ജമ്മു - ശ്രീനഗർ ഹൈവേയിൽ മിനിയാന്ന് തിങ്കളാഴ്ച വൈകീട്ടായിരുന്നു ഭീകരാക്രമണം.

ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയിൽപ്പെട്ട ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. സ്വകാര്യ ടൂർ ഓപ്പറേറ്ററുടെ ബസ്സിൽ വന്ന തീർത്ഥാടകർക്കു നേരെ ബൈക്കിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

പക്ഷെ ഇവിടെ കാണേണ്ട ഒരു കാര്യം അമർനാഥ് തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും അനേകം വർഷങ്ങളായി ഒരുക്കി കൊണ്ടിരുന്നത് കാശ്മീരിലെ ജനങ്ങൾ തന്നെയായിരുന്നു എന്ന വസ്തുതയാണ്. ഇങ്ങനെ അമർനാഥ് തീർത്ഥാടകർക്ക് ആതിഥ്യമമൊരുക്കികൊണ്ടിരുന്ന  കശ്മീരിലെ എല്ലാ വിഭാഗം ജനങ്ങളും ഭീകരാക്രമണത്തെ അപലപിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്  തന്നെ ചൂണ്ടിക്കാട്ടി. കശ്മീരിലെ ജനങ്ങളെ അതിൻറ്റെ പേരിൽ  കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയിൽ സാധാരണ ജനങ്ങളുടെ ഇടയിൽ ഇപ്പോഴും നിലനിൽക്കുന്ന മത സൗഹാർദമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചൂണ്ടി കാണിച്ചത്.

കാശ്മീരിലെ ജനങ്ങൾ ഭീകര പ്രവർത്തനത്തിനെതിരെ രംഗത്തു വന്നു. പക്ഷെ  ഇത് മറ്റൊരു തല തിരിഞ്ഞ കൂട്ടർ കാണുന്നില്ല. അമർനാഥ് തീർത്ഥാകർക്ക് നേരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഹരിയാനയിലെ ഹിസ്സാറിൽ നടന്ന റാലിയിൽ മുസ്‌ലീം പള്ളിയിൽ നിന്ന് ഇറങ്ങി വന്ന മുസ്ലിം പയ്യനെ  ബജ്രംഗ്ദൽ പ്രവർത്തകർ കൂട്ടം ചേർന്ന് ആക്രമിച്ചു. ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം വിളിക്കാനാവശ്യപ്പെട്ടാണ് അബിഡ് ഹുസൈൻ എന്ന യുവാവിനെ അടിച്ചത്. 100-125 പേർ വരുന്ന യുവാക്കളുടെ സംഘം ആയിരുന്നു ആക്രമണം അഴിച്ചു വിട്ടത്. ഭാരത മാതാവിൻറ്റെ  സംരക്ഷണം ഗുണ്ടായിസം ജീവിതമാർഗ്ഗമാക്കിയവർക്ക് വിട്ടു കൊടുക്കാതിരിക്കുന്നതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പുരോഗമിക്കുന്ന നമ്മുടെ നാടിന് നല്ലത്.

കഴിഞ്ഞ ദിവസം മറ്റൊരു വാർത്തയുമുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ബാഗ്പട്ടിലെ പിച്ച്കൗറ ഗ്രാമത്തിൽ  അയൽക്കാനരായ മുസ്ലിം യുവാവിനെ ഹിന്ദു പെൺകുട്ടി പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടർന്ന് അവിടം സംഘർഷഭരിതമായി. സംഘപരിവാർ പ്രവർത്തകരുടെ ഭീഷണി മുറുകിയതോടെ, യുവാവിൻറ്റെ കുടുംബം നാടുവിട്ടു. വിവാഹം അസാധുവാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ കോടതിക്ക് മുന്നിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധമുയർത്തുകയും ചെയ്‍തതായിട്ടാണ് റിപ്പോർട്ടുകൾ. വധുവിനെ കണ്ടെത്തി വിവാഹത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ. ഈ ആവശ്യം മുൻനിർത്തി അവർ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടുകയും ചെയ്തു. ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യിച്ചതായി ബജ്‌രംഗ് ദൾ പ്രവർത്തകർ ആരോപിക്കുന്നു. സംഘർഷം രൂക്ഷമായതോടെയാണ് യുവാവിൻറ്റെ കുടുംബം നാടുവിട്ടത്. സംഘപരിവാർ സംഘടനകൾ ഗ്രാമത്തിൽ തമ്പടിച്ച് സംഘർഷത്തിന് ശ്രമം തുടങ്ങിയതെന്നും റിപ്പോർട്ടുണ്ട്.

സ്വമനസ്സാലെ അല്ലാതെ ഭർത്താവിൻറ്റെയോ, പ്രതിശ്രുത വരൻറ്റെ വീട്ടുകാരുടെയോ പ്രേരണ കൊണ്ട് നടക്കുന്ന മതം മാറ്റത്തെ അനുകൂലിക്കുന്നില്ല. പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇൻറ്റർനെറ്റും, ഫെയ്‌സ്ബുക്കും, മൊബയിൽ വിളികളുമൊക്കെ ഉള്ളപ്പോൾ കൂടുതൽ കൂടുതൽ യുവതീ യുവാക്കൾ പ്രണയ ബന്ധിതരാകും എന്ന വസ്തുത ആരും കാണാതിരിക്കരുത്. ആധുനിക വിദ്യാഭ്യാസത്തിലൂടെ മതത്തിൻറ്റെ വേലിക്കെട്ടുകൾ പൊളിക്കുകയാണ്‌ വേണ്ടത്; അല്ലാതെ കൂടുതൽ കൂടുതൽ മതിലുകൾ മനുഷ്യർക്കിടയിൽ മതത്തിൻറ്റെ പേരിൽ പണിയാനല്ല ആരും ശ്രമിക്കേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ