2017 ജൂലൈ 21, വെള്ളിയാഴ്‌ച

കാശ്മീർ പ്രശ്നം

കഴിഞ്ഞ മാസം ഡൽഹിക്കുള്ള വിമാനത്തിൽ കൊച്ചിയിൽ നിന്ന് തിരിച്ചപ്പോൾ എൻറ്റെ അടുത്തിരുന്നത് കാശ്മീരി സുന്ദരിയായ റസിയ ആയിരുന്നു. റസിയയ്ക്ക് ഡൽഹിയിൽ എത്തിയിട്ട് കണക്ഷൻ ഫ്ലയിറ്റിൽ ജമ്മുവിലേക്കു പോണം. അതിൻറ്റെ കാര്യങ്ങൾ എന്നോട് കൂടെ കൂടെ ചോദിക്കുന്നുണ്ടായിരുന്നു. ഇംഗ്ളീഷ് അറിയില്ലെങ്കിലും, ഹിന്ദിയിൽ സാധാരണ കാശ്മീരി പെൺകുട്ടികളെ പോലെ യാതൊരു സങ്കോചവുമില്ലാതെയാണ് റസിയ സംസാരിച്ചത്. കറുത്ത പർദ്ദയായിരുന്നു റസിയയുടെ വേഷം.

കാശ്മീരിൽ പർദ്ദ എന്ന് വന്നു എന്ന് ചോദിക്കുന്ന ആൾക്ക് കാശ്മീരിലെ ഇന്നത്തെ പ്രശ്നങ്ങളുടെ ഉത്തരവും കിട്ടും. മുട്ട് വരെ നീളുന്ന കുർത്ത പോലത്തെ ഒരു കുപ്പായമായിരുന്നു 1980-കളുടെ മുമ്പ് വരെ കാശ്മീരി സ്ത്രീകളുടെയും, പുരുഷൻമാരുടെയും വേഷം. ഇസ്‌ലാമിക മത മൗലിക വാദത്തിൻറ്റെ ഭാഗമായി പർദ്ദ കാശ്മീരിൽ 1980-കൾക്ക് ശേഷം അടിച്ചേൽപ്പിക്കുവാൻ തുടങ്ങി. പർദ്ദ ധരിക്കാത്തവരുടെ ദേഹത്തു മഷി ഒഴിക്കുക; മുഖത്ത് ആസിഡ് ഒഴിക്കുക; കാലിൽ വെടി വെയ്ക്കുക - ഇത്തരം കലാപരിപാടികൾ കാശ്മീരിൽ വ്യാപകമാകാൻ തുടങ്ങിയപ്പോൾ മുതലാണ് ഇഷ്ടമല്ലെങ്കിൽ കൂടി കാശ്മീരി സ്ത്രീകൾ പർദ്ദ ധരിക്കുവാൻ തുടങ്ങിയത്.

കാശ്മീരിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് ഘോരഘോരം വാദിക്കുന്നവർക്ക് ഈ പർദ്ദ അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ച് എന്തെങ്കിലും പറയുവാൻ ഉണ്ടോ? ഇന്ത്യയിലെ എത്ര മതേതര സംഘടനകൾ പർദ്ദയ്ക്കെതിരെ നിലപാടെടുത്തു? കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും കാശ്മീർ വിഷയത്തിൽ സെമിനാർ നടത്തുന്നവർ ഈ പർദ്ദ അടിച്ചേൽപ്പിക്കുന്നത് കാണുന്നുണ്ടോ? ജെ. എൻ. യു.-വിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കു വേണ്ടി അന്തി ചർച്ച നടത്തിയ മീഡിയ വണ്ണിന് കാശ്മീരിൽ ആസിഡ് ഒഴിച്ചും, മഷി ഒഴിച്ചും, വെടി വെച്ചും പർദ്ദ അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ? കാശ്മീരി പണ്ഡിറ്റുകളുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി ഇവരൊക്കെ  അനുകൂലമായി നിലപാട് എടുക്കുന്നുണ്ടോ? 1988-ൽ അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷം തീവ്ര ഇസ്‌ലാമിക സംഘടനകളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം ഇവർക്കൊക്കെ അറിയാത്തതാണോ?

സത്യത്തിൽ എന്താണ് കാശ്മീർ വിഷയം? വളരെ സങ്കീർണമായ വിഷയമാണ് കാശ്മീരിലേത്. കാശ്മീർ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ജമ്മുവിൻറ്റെ പ്രശ്നമുണ്ട്; ലഡാക്കിൻറ്റെ പ്രശ്നമുണ്ട്; പാക് അധീന കാശ്മീരിൻറ്റെ പ്രശ്നമുണ്ട്; മറ്റു മേഖലയുടെയും പ്രശ്നമുണ്ട്. 1947-ൽ പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ കാശ്മീർ ജനതയ്ക്ക് നേരെ ഹരിസിംഗ് രാജാവ് നിറയൊഴിക്കാൻ ഉത്തരവിട്ടു. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഇതിന് ഒരു മാസം മുമ്പുതന്നെ ജമ്മുവിൽ ഹിന്ദുക്കളും സിഖുകാരും രാജഭരണത്തിൻറ്റെ സഹായത്തോടെ തിരിച്ചടിയ്ക്കാൻ തുടങ്ങിയിരുന്നു. പതിനായിരക്കണക്കിന് മുസ്ലീംങ്ങൾ ജമ്മുവിൽ നിന്ന് പ്രക്ഷോഭത്തിൻറ്റെ പ്രഭവകേന്ദ്രമായ പൂഞ്ചിൽ നിന്ന് പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. 1947ഒക്ടോബര് 22 ന് പുഞ്ചിലെ വിപ്ലവകാരികളുടെ സഹായത്തോടെ ആയുധധാരികളായ ആയിരക്കണക്കിന് പഠാൻ ഗോത്രവർക്കാർ കാശ്മീരിനെ ആക്രമിച്ചു. ഹിന്ദുക്കളെയും സിഖുകാരെയും കൊന്നു. ശേഷിച്ചവരിൽ 60,000 ലേറെ പേർ ജമ്മുവിലേക്കു ഓടിരക്ഷപ്പെട്ടു. ഹിന്ദു വിരുദ്ധപ്രക്ഷോഭം അയൽ പ്രദേശങ്ങളായ മിർപൂറിലേക്കും മുസാഫറബാദിലേക്കും പടർന്നു. 1947 ഒക്ടോബർ 24 ന് പുഞ്ചിലെ വിപ്ലവകാരികൾ 'ആസാദ് കാശ്മീർ' എന്ന പേരിൽ സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചു. ഇവർക്ക് പാകിസ്ഥാൻറ്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ലയിഖത്ത് അലിഖാൻറ്റെ സർവ്വ വിധ സഹായങ്ങളും ഉണ്ടായിരുന്നു. പഠാൻ ഗോത്ര വർഗ്ഗക്കാരുടെ ആക്രമണത്തെ തടയാൻ ജമ്മു-കാശ്മീർ രാജാവ് ഇന്ത്യാ ഗവണ്മെൻറ്റിൻറ്റെ സഹായം തേടി. എന്നാൽ, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യൻ പട്ടാളത്തെ അയയ്ക്കാൻ നിർവ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്മെൻറ്റ് ഹരി സിംഗിനെ അറിയിച്ചു. ഇതിനെ തുടർന്ന്, 1947 ഒക്ടോബര് 26 - ന്, 75 ശതമാനം മുസ്ലീം ജനതയുള്ള ജമ്മു -കാശ്മീർ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) ഹരി സിംഗും ഇന്ത്യാ ഗവണ്മെൻറ്റിനെ പ്രതിനിധീകരിച്ച് ലോർഡ് മൗണ്ട് ബാറ്റണും ഒപ്പുവച്ചു. അടിസ്ഥാനപരമായി കാശ്മീരിൽ നിന്നു ഭീഷണിയാൽ ഓടി പോരേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നമുണ്ട്; ജമ്മുവിൽ നിന്ന് ഭീഷണിയാൽ ഓടി പോരേണ്ടി വന്ന മുസ്ലീങ്ങളുടെയും പ്രശ്നമുണ്ട്.

1948-ലെ  Instrument of Accession-നോടൊപ്പമുള്ള ധവള പത്രത്തിൽ വ്യക്തമാക്കിയ കാര്യങ്ങളനുസരിച്ച് പ്രതിരോധം, വാർത്താ വിനിമയം, വിദേശം എന്നീ മേഖലകളിൽ ആണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്. 1947 ഒക്ടോബർ 27 ന് ഇന്ത്യൻ പട്ടാളം ജമ്മു-കാശ്മീരിൽ പ്രവേശിച്ചു. അന്ന് തൊട്ടിന്നു വരെ പട്ടാളത്തിൻറ്റെ നിയന്ത്രണത്തിലാണ് ജമ്മു ആൻഡ് കാശ്മീർ. 1948 ജനുവരി ഒന്നാം തീയതി ഇന്ത്യ കാശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ മുന്നിലെത്തിച്ചു. തുടർന്ന് പാകിസ്ഥാനും ഇതേ ആവശ്യവുമായി ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഇന്ത്യയുടെയും പാകിസ്ഥാൻറ്റെയും ഭാഗങ്ങൾ വിശദമായി കേട്ടശേഷം 1948 ഏപ്രിൽ ഇരുപത്തി ഒന്നാം തീയതി പ്രമേയം (നമ്പർ 47) പാസാക്കി. ഇതിനെ തുടർന്ന്, പ്രശ്നം പഠിച്ചു റിപ്പോർട്ട് ചെയ്യാൻ അർജൻറ്റിന, ബെൽജിയം, കൊളംബിയ, ചെക്കോസ്ലോവാക്കിയ, അമേരിക്ക എന്നീ അഞ്ചു രാജ്യങ്ങളുടെ പ്രതിനിധികളെ നിയോഗിച്ചു. ഈ കമ്മീഷൻറ്റെ ഇടപെടലിനെ തുടർന്നാണ് കാശ്മീരിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ആദ്യവിജയം കണ്ടെത്തിയത്. കമ്മീഷൻറ്റെ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്: ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണോ കാശ്മീരിൻറ്റെ ഭാഗമാണോ എന്നത് സ്വതന്ത്രമായി നടത്തുന്ന ഹിതപരിശോധന തീരുമാനിക്കും; ഇതിനു വേണ്ടി ഒരു Plebiscite അഡ്മിനിസ്ട്രേറ്റർ-നെ ഐക്യ രാഷ്ട്രസഭ നാമ നിർദ്ദേശം ചെയ്യും; അന്തിമ തീരുമാനം ഹിത പരിശോധന അനുസരിച്ചായിരിക്കും; പലായനം ചെയ്ത മുഴുവൻ ജനതയെയും തിരിച്ചുകൊണ്ടുവന്ന് ഹിതപരിശോധനയിൽ പങ്കെടുപ്പിക്കും; രണ്ടു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കണം.

1949 ജനുവരി ഒന്നാം തീയതി വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് കാശ്മീരിൻറ്റെ ഭൂരിഭാഗവും - ജമ്മുവും, ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. ആസാദ് കാശ്മീർ എന്ന പ്രദേശവും ചില വടക്കൻ പ്രവിശ്യകളും പാകിസ്ഥാൻറ്റെ അധീനതയിലും. പാകിസ്ഥാൻറ്റെ കൈവശം ഇരിക്കുന്ന ഭൂമിയെയാണ് ഇന്ത്യ പാക് അധീന കാശ്മീർ (POK) എന്ന് പറയുന്നത്. ഇന്ത്യയും, പാക്കിസ്ഥാനും വെടിനിർത്തൽ നടപ്പിലാക്കി. പക്ഷെ, രണ്ടു രാജ്യങ്ങളും അവരവരുടെ കൈയ്യിലെ ഭൂപ്രദേശം സ്വന്തമായി കണക്കാക്കി. രണ്ടു രാജ്യങ്ങളിലെയും പട്ടാളത്തിൻറ്റെ നിയന്ത്രണത്തിലാണ് ജമ്മു ആൻഡ് കാശ്മീരും,  പാക് അധീന കാശ്മീരും.

പിന്നീട് കാശ്മീർ പ്രശ്നം വഷളായത് നെഹ്‌റു ഷെയ്ക്ക് അബ്‌ദുള്ളയെ തടവിലാക്കുകയും, 1966-ലെ യുദ്ധത്തിന് ശേഷവുമായിരുന്നു. 1966-ലെ യുദ്ധം വരെയും പ്രശ്ന പരിഹാരങ്ങൾക്ക് പല നിർദേശങ്ങളും ഉണ്ടായിരുന്നു. അനാവശ്യമായി 1966-ൽ പാക്കിസ്ഥാൻ ആക്രമിച്ചതിന് ശേഷം പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ഇനി പാക്കിസ്ഥാനുമായി കാശ്മീർ പ്രശ്നത്തിൽ ചർച്ച സാധ്യമല്ല എന്ന് ഷെയ്ക്ക് അബ്‌ദുള്ളയോട് പറയുന്നുണ്ട്. ചരിത്രകാരൻ രാമ ചന്ദ്ര ഗുഹ തൻറ്റെ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന പുസ്തകത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയും ഷെയ്ക്ക് അബ്‌ദുള്ളയുമായുള്ള ചർച്ച സവിസ്തരം പ്രദിപാദിക്കുന്നുണ്ട്. 1988-ൽ അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷം അഫ്‌ഗാനിസ്ഥാൻ, ചെച്നിയ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള തീവ്ര ഇസ്‌ലാമിക സംഘടനകളിൽ പെട്ട ആയുധ ധാരികളായ തീവ്ര വാദികളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം ആണ് പിന്നീട് കാശ്മീർ പ്രശ്നം തീർത്തും വഷളാക്കിയത്.'ദ കാർപ്പറ്റ് വാഴ്സ്' എന്ന പുസ്തകത്തിൽ ഈ വിദേശ തീവ്രവാദികളുടെ ഇടപെടൽ  നന്നായി പറയുന്നുണ്ട്.

ഇപ്പോൾ സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുകയാണ്. ഇതനുസരിച്ച് ദിവസം ചെല്ലുന്തോറും കാശ്മീർ മൗലികവാദ ആശയത്തോട് അടുക്കുകയാണ്. ജനതയിൽ വിഭാഗീയത ഉണ്ടാക്കുന്നതിൽ ചില മുസ്ലീ പള്ളികളിലെ ചില മുസ്ലിം പുരോഹിതന്മാരും ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ. ഇസ്ലാമിലെ മിതവാദികളായ വിഭാഗമായ ഹനാഫി/ബാരെൽവി വിശ്വാസത്തിലുള്ളവരായിരുന്നു ഈ അടുത്ത കാലം വരെ കാശ്മീരി മുസ്ലീങ്ങളിൽ ഭൂരിഭാഗം പേരും. ഇപ്പോൾ മൗലികവാദി വിഭാഗമായ അഹിൽ-ഇ-ഹാദിത്തിലേക്ക് മാറുന്നവർ പെരുകുകയാണ്. സൗദിയിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട സലഫിസം അഥവാ വഹാബിസത്തിന്റെ പ്രാദേശിക പതിപ്പാണിത്. അതു കൊണ്ട് വർഷം തോറും നിരവധി സൂഫി വര്യമന്മാരുടെ കുടീരങ്ങളിൽ നടത്തി വരാറുള്ള ഫെയറുകളുടെ എണ്ണത്തിലും കാശ്മീരിൽ കുറവ് വന്നിരിക്കുന്നതായും കാണാം. ആറ് മില്യൺ മുസ്ലീങ്ങളുള്ള കാശ്മീർ താഴ് വരയിൽ നിലവിൽ ഒരു മില്യൺ പേർ തീവ്ര അഹിൽ-ഇ-ഹാദിത്തിൻറ്റെ അനുയായികളായി മാറിയിരിക്കുന്നു.  ഇപ്പോൾ കാശ്മീരിൽ തന്നെയുള്ള തീവ്ര ഇസ്ലാം സംഘടനകളായ ഡിയോബാൻഡി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവയുമായി ഒന്നിച്ച് ചേർന്ന് മറ്റു തീവ്ര വാദം പറയുന്നവരും പ്രവർത്തിക്കാനാരംഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹര്യത്തിൽ കാശ്മീരിലെ സുന്നി സ്കൂളുകളെ ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമിൽ അണിനിരത്തിക്കൊണ്ട് ഇത്തിഹാദ് ഇ മില്ലാറ്റ് എന്ന കൂട്ടായ്മയും നിലവിൽ വന്നിരിക്കുന്നു. സുന്നികളിലെ വ്യത്യാസങ്ങൾ ഇല്ലാതാക്കി അവരിലെ ഐക്യം വളർത്തുന്നതിന് വേണ്ടിയാണിത്. ബുർഹാൻ വാനിയുടെ വധത്തോടെയാണ് കാശ്മീർ താഴ്വര കൂടുതൽ കലുഷിതമായത്. കശ്മീർ ഇങ്ങിനെ പുകഞ്ഞു നിൽക്കേണ്ടത് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യമാണ്. മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഇസ്ലാമിക മതമൗലിക വാദം ശക്തിയാർജിക്കാൻ കാരണം സോഷ്യൽ മീഡിയയും പത്രമാധ്യമങ്ങളും ആണെന്നും തോന്നുന്നു. എന്തായാലും സഞ്ചാരം സി.ഡി. ഇറക്കുന്ന സന്തോഷ് ജോർജ് കുളങ്ങര പറയുന്നത് കാശ്മീരിൽ ടൂറിസം തിരിച്ചു വരുന്നു എന്നാണ്. അനേകം സഞ്ചാരികളെ അദ്ദേഹത്തിന് കാണാൻ സാധിച്ചു എന്നുമാണ് കാശ്മീർ സന്ദർശിച്ചതിനു ശേഷം സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്.

കാശ്മീരിന് ഇന്നാവശ്യം വാണിജ്യവും, വ്യവസായവും ആണ്. സംസ്ഥാനത്തു വികസനം ഉണ്ടാവുമ്പോൾ തന്നെ പല പ്രശ്നങ്ങളും മാറി കിട്ടും. വിനോദ സഞ്ചാരവും, കൈത്തറിയും ഒക്കെ കാശ്മീരിൻറ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഏതൊരു പ്രദേശത്തെയും പോലെ പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ - ഇവയൊക്കെ കാശ്മീരിലുണ്ട്. യുവാക്കൾക്ക് തൊഴിൽ കിട്ടിയാൽ തന്നെ അവർ തീവ്ര വാദത്തിൽ നിന്നു മാറി ക്രിയാത്മക പ്രവർത്തനങ്ങളിലേക്ക് നീങ്ങും. അതിലേയ്ക്കാണ് ഇരു രാജ്യങ്ങളും ശ്രമിക്കേണ്ടത്. എല്ലാത്തിനും ഉപരിയായി കാശ്മീരിൽ സാമുദായിക സൗഹാർദം പുനഃസ്ഥാപിക്കണം. അതിനുള്ള എല്ലാ വഴികളും ആരായണം. പാക്കിസ്ഥാൻ അതിനു സഹകരിക്കാൻ തയാറായില്ലെങ്കിൽ ഇന്ത്യ ഒറ്റക്കു ആ വഴി മുന്നേറാൻ ഉള്ള നിശ്ചയ ദാർഢ്യo  കാണിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ