2017 ജൂലൈ 4, ചൊവ്വാഴ്ച

ന്യൂനപക്ഷങ്ങൾക്കിടയിലുള്ള പേടിയും, സുരക്ഷിതത്ത്വമില്ലായ്മയും

നസ്മുൾ ഹസൻ എന്ന ചെറുപ്പക്കാരനായ എൻജിനീയർ അലിഗറിൽ വംശീയ അധിക്ഷേപം പേടിച്ച് പർദ്ദ ഇട്ടു കൊണ്ട് നടക്കേണ്ട സ്ഥിതി വിശേഷം ഉണ്ടായിരിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യക്ക് ഒട്ടും ഭൂഷണമല്ല. ജുനൈദ് എന്ന ഒരു സാധാരണ ട്രെയിന് യാത്രക്കാരനെ കൊന്നതിന് ശേഷമാണ് നസ്മുൾ ഹസൻ എന്ന ചെറുപ്പക്കാരനായ എൻജിനീയർക്ക്‌ പേടി തോന്നാൻ തുടങ്ങിയതും സുരക്ഷിതത്ത്വത്തിനു വേണ്ടി പർദ്ദ ഇട്ടു വേഷം മാറി സഞ്ചരിക്കുവാൻ തുടങ്ങിയതും. കഴിഞ്ഞ ദിവസം അങ്ങനെ പേടിച്ചു യാത്ര ചെയത ഹുസൈനെ യാത്രക്കാരുടെ സംശയത്താൽ പോലീസ് പിടിച്ചു. ടൈമ്സ് ഓഫ് ഇന്ത്യ റിപ്പോർട്ട് ഇപ്രകാരം: "Hassan, who was nabbed after some people found his movements "suspicious" at the ticket counter, broke down and told the police and shocked onlookers that he had wanted to hide his identity due to fear of being targeted on the train." ഹുസൈനെ ചോദ്യം ചെയ്ത പോലീസ് പോലും വല്ലാത്ത വിഷമ വൃത്തത്തിലായി. വീണ്ടും ടൈമ്സ് ഓഫ് ഇന്ത്യ റിപ്പോർട്ടിലൂടെ: "Though he was released by the police after questioning, his act left senior police officials wondering about the extent of insecurity among minorities."

ഇത്തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതിൽ ഭരിക്കുന്ന പാർട്ടിയായ ബിജെ.പി-യിലെ തീവ്ര വാദികൾക്ക് വലിയ പങ്കുണ്ട്. ബി.ജെ.പി. സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയത് മുതൽ ന്യൂന പക്ഷങ്ങൾക്കെതിരെ കൊലവിളിയുമായി യാതൊരു പക്വതയുമില്ലാത്ത കുറെ നേതാക്കന്മാർ രംഗത്തു വന്നിട്ടുണ്ട്. അവരെ നിയന്ത്രിക്കേണ്ട സർക്കാരാകട്ടെ ഇവരൊക്കെ നടത്തുന്ന കൊലവിളികൾ കേൾക്കാത്ത മട്ടിലിരിക്കുന്നു. എന്തിനെയും, ഏതിനെയും 'സെൻസേഷണലൈസ്' ചെയ്യാനുള്ള മാധ്യമങ്ങളും, മുതലെടുപ്പ് നടത്താനുള്ള രാഷ്ട്രീയക്കാരും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നു. ഇതിൻറ്റെ ഒക്കെ ഫലമായി പത്രം വായിക്കുകയും, ടി.വി. കാണുകയും ചെയ്യുന്ന ന്യൂനപക്ഷങ്ങൾ അസുരക്ഷതത്തിലേക്ക്‌ വഴുതി വീഴുന്നു. അതിൻറ്റെ ഒടുവിലത്തെ പ്രതിഫലനമാണ് ഹസൻ എന്ന ചെറുപ്പക്കാരനായ എൻജിനീയർ പർദ്ദ ഇട്ടു കൊണ്ട് നടക്കേണ്ട സ്ഥിതി വിശേഷം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രവീൺ തൊഗാടിയ എത്രയോ തവണ  കൊലവിളി പ്രസംഗം നടത്തി? മുസ്ല്ലീങ്ങളുടെ വീട് കയ്യെറണമെന്നായിരുന്നു ലോക സഭാ തിരഞ്ഞെടുപ്പിന് മുമ്പ്  പ്രവീൺ തൊഗാടിയയുടെ ആഹ്വാനം. എന്തെങ്കിലും നടപടി  തൊഗാടിയക്കെതിരെ എടുത്തോ? ഇങ്ങനെ വർഗീയ വിഷം ചീറ്റുന്ന എത്രയോ പ്രസ്താവനകൾ ഭരണ ഖടനാപരമായ ചുമതല വഹിക്കുന്ന  സാക്ഷി മഹാരാജ് M.P., ആദിത്യനാഥ്  M.P., നിരഞ്ജൻ ജ്യോതി M.P., - എന്നിവരിൽ നിന്ന് ഉണ്ടായി? എന്തെങ്കിലും നടപടി എടുത്തോ? ബിജെ.പി.-യിലെ തീവ്ര വാദികൾ ദേശ സ്നേഹത്തിൻറ്റെ പേരും പറഞ്ഞ് ഇവിടെ ഉയർത്തുന്നത് വർഗീയ മൂല്യങ്ങളാണ് എന്ന് പറയാതെ വയ്യാ. സാമുദായ ധ്രുവീകരണം സൃഷ്ടിക്കാൻ പാട് പെടുകയായിരുന്നു ബിജെ.പി. ഇത്രയും നാൾ. 

ഇന്ത്യയുടെ വൈവിധ്യത്തിനും, വൈവിധ്യത്തിൽ അധിസ്ഥിതമായ ഏകികരണത്തിനും  വേണ്ടി നെഹ്റു, ശാസ്ത്രി, പട്ടേൽ - ഇവരൊക്കെ ഏന്നും നിലപാടെടുത്തു. നാനാത്വത്തിൽ ഏകത്വം ആയിരുന്നു ഇന്ത്യയുടെ ശക്തി. ഭക്തിയോ, ആത്മീയതയോ സാമുദായ ധ്രുവീകരണം സൃഷ്ടിക്കാൻ പാട് പെടുകയായിരുന്ന നേതാക്കളുടെ അടുത്തുകൂടെ പോലും പോയിട്ടില്ല. മതത്തിൻറ്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിച്ച് വോട്ടു ബാങ്കുകൾ ഉറപ്പാക്കുന്നു. വെറുതെ അല്ല ഇത്രയും നാൾ കേൾക്കാതിരുന്ന ഹിന്ദു മഹാ സഭ ശക്തി പ്രാപിക്കുന്നതും, കൊലപാതകിയായ ഗോഡ്സേയുടെ പ്രതിമകൾ സ്ഥാപിക്കുവാൻ ശ്രമിക്കുന്നതും, കൊലപാതകിയായ ഗോഡ്സേയ്ക്ക് അമ്പലം സ്ഥാപിക്കാൻ ശ്രമിച്ചതും.

ഇതൊക്കെ കൂടാതെയാണ് പശു സംരക്ഷണത്തിൻറ്റെ പേരിൽ കാട്ടി കൂട്ടുന്ന അക്രമ പ്രവണതകൾ. 2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിൽ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണ് ഭൂരിപക്ഷം. ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേർ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്. സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്. പിന്നെ എന്തിനാണ് ഈ പശുവിൻറ്റെ പേര് പറഞ്ഞു മത സ്പർദ്ധ ഉണ്ടാക്കുന്നത്?

അത് പോലെ തന്നെ ക്രിസ്ത്യൻ മിഷനറിമാർക്കെതിരെയും സംഘടിതവും, ആസൂത്രിതവും ആയ പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നു. മിഷനറിമാർ വളരെ ബുദ്ധിമുട്ട് സഹിച്ചാണ് ആദിവാസി മെഖലകളിൽ പ്രവർത്തിക്കുന്നത്. പശ്ചിമ ബെന്ഗാളിലെ പുരുലിയയിൽ കുഷ്ഠ രോഗികളെ ചികിത്സിക്കാൻ മിഷനറിമാർ അല്ലാതെ ആരും ഇല്ല. ബീഹാർ, ചട്ടിസ്ഗഡ്, ഝാർഖണ്ട്, പശ്ചിമ ബെന്ഗാൾ - ഇവിടുന്നെക്കെയുള്ള കുഷ്ഠ രോഗികൾ അഭയം തേടുന്ന സ്ഥലമാണ് പുരുലിയ. അവരുടെ മുറിവ് വെച്ച് കെട്ടാനും, അവർക്ക് മരുന്ന് കൊടുക്കാനും ആര് തയ്യാറാകും - മിഷനറിമാർ അല്ലാതെ. കുഷ്ടം പിടിപെട്ടാൽ ഗ്രാമങ്ങളിൽ നിന്ന് അവരെ കല്ലെറിഞ്ഞു ഓടിക്കലാണ് പരിപാടി. എന്തിനു പറയുന്നു, കെരളത്തിൽ - തിരുവനന്തപുരത്ത് കുഷ്ഠ രോഗിയായ ഒരു സ്ത്രീ വന്നു. പോലീസ് സഹായത്തോടെയാണ് അവരെ അട്മിറ്റു ചെയ്യാൻ പറ്റിയത്. അവരുടെ കയ്യിൽ 2000 രൂപയോളം ഉണ്ടായിരുന്നു. പക്ഷെ ഒരാളും അവരെ തിരിഞ്ഞു നോക്കിയില്ല. രണ്ടു ദിവസ്സമായിരുന്നു അവർ ഭക്ഷണം കഴിച്ചിട്ട്. അവർ പോകുന്നിടത്തെല്ലാം ചോര പോടിയുകയായിരുന്നു. അത് കൊണ്ട് കുഷ്ഠ രോഗികളോട് ചെയ്യുന്ന സേവനതിൻറ്റെ മഹത്വം മനസ്സിലാക്കണമെങ്കിൽ കുറച്ചു ഹൃദയ ശുദ്ധി വേണം. വർഗീയത പറഞ്ഞു കൊണ്ടിരുന്നാൽ ഇതിൻറ്റെയൊക്കെ മഹത്വം മനസ്സിലാകത്തില്ല.

പട്ടേലായിരുന്നു ആഭ്യന്തര മത്രി എങ്കിൽ പണ്ടേ പ്രവീൺ തൊഗാടിയയെ പോലുള്ളവരെ പിടിച്ചു ജയിലിൽ ഇട്ടേനെ. പണ്ട് RSS - നെ ഗാന്ധി വധത്തിൻറ്റെ പശ്ചാത്തലത്തിൽ നിരോധിക്കയും, ഹിന്ദു മഹാ സഭ നേതാക്കളെ പിടിച്ചു ജയിലിൽ ഇട്ട ആളുമാണ് പട്ടേൽ.  ഇത്തരത്തിൽ മുഖം നോക്കാതെ നടപടി എടുത്താൽ മാത്രമേ സമൂഹത്തിൽ പൗരൻറ്റെ ജീവനും, സ്വത്തിനും സംരക്ഷണം ഉണ്ടാവുകയുള്ളൂ. ബി.ജെ.പി-യും, പ്രധാന മന്ത്രിയും ഇപ്പോൾ ഗാന്ധിയെ കൂട്ട് പിടിച്ചിരിക്കയാണ്. സംഘ പരിവാറിലെ ചിലർ തങ്ങളുടെ പശു സംരക്ഷണത്തിന് വേണ്ടി ഗാന്ധിജിയെ സമൃദ്ധമായി ഉദ്ധരിക്കുന്നു. ഇത്രയും നാൾ ഗാന്ധിജിയുടെ ആദർശങ്ങൾക്ക്‌ ജന്മ നാടായ ഗുജറാത്തിൽ പോലും വിലയില്ലായിരുന്നു. പിന്നയല്ലേ മറ്റു സ്ഥലങ്ങളിലെ  കാര്യം! ഗ്രാമ സ്വരാജ്, സാഹോദര്യം, മത സൗഹാർദം, എല്ലാ മതങ്ങളോടും, സ്ത്രീകളോടും, പ്രകൃതിയോടും ഉള്ള ബഹുമാനം - ഇതൊക്കെ ആയിരുന്നു ഗാന്ധിജിയുടെ പ്രിയപ്പെട്ട വിഷയങ്ങൾ. അല്ലാതെ ഗോവധ നിരോധനമൊന്നുമായിരുന്നില്ല. ഗാന്ധിജി ഒരു സസ്യാഹാരി എന്ന നിലയിലും കാർഷിക വൃത്തിയിൽ പശുക്കളുടെ ഉപയോഗം കണക്കിലെടുത്തും ഗോവധ നിരോധനത്തോട് വ്യക്തിപരമായി ആഭിമുഖ്യം കാണിച്ചിരുന്നു എന്നേയുള്ളൂ. അതേ സമയം ഇന്ത്യയുടെ വൈവിധ്യവും ഗാന്ധി അംഗീകരിച്ചു. അനേകം മതങ്ങളും, ജാതികളും, പ്രാദേശിക സംസ്കാരങ്ങളും ഉള്ള ഇന്ത്യയിലെ ഭക്ഷണ രീതി കണക്കിലെടുത്ത് ഗാന്ധി ഗോവധ നിരോധനം കൊണ്ടുവരുന്നതിനെ എതിർക്കുകയും ചെയ്തു. ഗാന്ധിജി അടിസ്ഥാനപരമായി  ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്ന വ്യക്തി മാത്രമല്ല.; മറിച്ച് അക്രമ രഹിത മാർഗങ്ങളിൽ കൂടി എങ്ങനെ രാഷ്ട്രീയ സമരങ്ങൾ രൂപപ്പെടുത്താം എന്ന് ലോകത്തെ പഠിപ്പിച്ച മഹാൻ കൂടിയാണ്. ചുരുക്കത്തിൽ പശുവല്ലായിരുന്നു ഗാന്ധിജിയുടെ ഇഷ്ടപ്പെട്ട വിഷയം.

മതത്തിൻറ്റെയോ, ജാതിയുടെയോ പേരിൽ രാഷ്ട്രീയ പാർടികൾ ആളുകളെ തമ്മിൽ തല്ലിക്കാൻ നോക്കിയാൽ അതിനൊന്നും ഇന്ത്യയിൽ വേരോട്ടമുണ്ടാവില്ല. താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കാമെന്ന് മാത്രം. ഭൂരിപക്ഷത്തെയും, ന്യൂന പക്ഷത്തെയും ഭയപ്പെടുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ സമൂഹത്തിലെ എല്ലാ  സമുദാങ്ങങ്ങൾക്കും ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്. ജനങ്ങളുടെ വിഷയം. വികസനവും, വിലക്കയറ്റവും ആണ്. അല്ലാതെ വർഗീയ വൽക്കരണം അല്ല. ഇത് വർഗീയം പറയുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും, വ്യക്തികളും, മാധ്യമങ്ങളും മനസ്സിലാക്കിയാൽ അത്രയും നന്ന്.

ഈ വിഷയത്തിലുള്ള ലിങ്ക്: http://timesofindia.indiatimes.com/city/agra/scared-of-bring-lynched-muslim-man-travels-in-burqa-on-train-caught/articleshow/59446851.cms

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ