2017 ജൂലൈ 18, ചൊവ്വാഴ്ച

ജോലിയുടെ മഹത്വം അഥവാ 'ഡിഗ്നിറ്റി ഓഫ് ലേബർ'

കഴിഞ്ഞ ദിവസം പഠനച്ചെലവിനായി നിയമ വിദ്യാർത്ഥികളായ പ്രിയയും, ബിരുദധാരിയായ മനീഷയും മീൻ കച്ചവടത്തിനിറങ്ങിയ വാർത്ത വായിച്ചപ്പോൾ ചിലത് എഴുതണമെന്ന് തോന്നി. (http://dailyreports.in/2017/07/17/fishing-industry-for-study-expenses/). എല്‍. എല്‍. ബി. പഠനത്തിനിടയിലും അയ്യന്തോളില്‍ വഴിയരികില്‍ മീന്‍ വില്‍ക്കുകയാണ് പ്രിയ. ബിരുദധാരിയായ മനീഷയും കൂട്ടിനുണ്ട്. ചേറ്റുവ ഹാര്‍ബറില്‍ നിന്ന് പച്ചമീന്‍ വാങ്ങി ഇവര്‍ തൃശൂരിലെത്തിക്കും. രണ്ടരയ്ക്ക് കച്ചവടം തുടങ്ങിയാല്‍ ആറരയോടെ തീരും. കച്ചവടം കഴിഞ്ഞ് മീന്‍ വണ്ടി ഒതുക്കി രാത്രിയില്‍ ഇരുചക്രവാഹനത്തില്‍ ഇവര്‍ വീട്ടിലേക്ക് മടങ്ങും. ഈ പെൺകുട്ടികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സാമ്പത്തിക  ബാധ്യതകള്‍ വഴി മാറി ജീവിത വിജയം ഇവരെ തേടിയെത്തുകയാണ്.

ഈ പെൺകുട്ടികളുടെ വിജയകരമായ കഥ കേട്ടപ്പോൾ കുറെ വർഷങ്ങൾക്ക് മുൻപ് എൻറ്റെ അടുത്ത ഒരു സുഹൃത്ത് പറഞ്ഞ കഥയും ഓർത്തു. മലബാറിലെ ഒരു മലമ്പ്രദേശത്ത് കുടിയേറ്റക്കാരായ അവരും ജീവിതത്തോട് മല്ലടിക്കുകയായിരുന്നു. അപ്പോഴാണ് ചേട്ടന് ഒരു ബുദ്ധി തോന്നിയത്. വളരെയധികം തോടുകളും, പുഴകളും, കായലുകളും, നീണ്ട കടൽ തീരവും ഉള്ള കേരളത്തിൽ മലയാളികളുടെ ഇഷ്ട വിഭവമാണല്ലോ മീൻ. മലമ്പ്രദേശത്താണെങ്കിൽ മീൻ കിട്ടാനുമില്ലാ. എന്തുകൊണ്ട് ഉണക്ക മീൻ ബിസിനെസ്സ് ചെയ്തുകൂടാ? "കുടുംബക്കാർക്കു പറ്റിയ കച്ചവടം ആണോടാ ഉണക്ക മീൻ കച്ചവടം" എന്ന് ചോദിക്കാൻ അനേകം പേർ. "സെമിനാരി പഠനം കഴിഞ്ഞു നീ ഉണക്ക മീൻ വിൽക്കാൻ പോവുകാണോ" എന്ന് ചോദിച്ചു പരിഹസിക്കുവാനും നിരവധി ആളുകൾ. പക്ഷെ സാധ്യതകൾ കണ്ടെത്തുന്നതിലും അവ ഉപയോഗപ്പെടുന്നതിലും  മുന്നിലുള്ളവരേ സാമ്പത്തികമായി വിജയിക്കൂ എന്നതാണല്ലോ സാമ്പത്തിക ശാസ്ത്രത്തിലെ ലളിതമായ തത്ത്വം. ചേട്ടൻറ്റെ ഉണക്ക മീൻ ബിസിനെസ്സ് ആ മലമ്പ്രദേശത്ത് വൻ വിജയമായി. ജീവിതത്തോട് മല്ലടിക്കുകയായിരുന്ന ആ കുടുംബത്തിന് വലിയ ആശ്വാസമായി നാട്ടുകാരും, വീട്ടുകാരും പുച്ഛിച്ച ആ ഉണക്ക മീൻ കച്ചവടം.

മീൻ വിൽക്കുന്ന ജോലിക്ക് ഒരു കുറവുമില്ല.  ഏത് ജോലിക്കും അതിൻറ്റേതായ അന്തസ്സുണ്ട്. സത്യസന്ധതയോടെയും, ആളുകളെ പറ്റിക്കാതെയും നേരായ വഴിക്ക് ചെയ്യുന്ന ഏതു ജോലിയും മാന്യമാണ്. ഇന്ന് മോഷ്ടിച്ചും, മനുഷ്യരെ പറ്റിച്ചും പണം നേടുന്ന പലരും ആണ് മാന്യന്മാർ ആയി സമൂഹ മധ്യത്തിൽ തിളങ്ങുന്നത്. അതിനേക്കാളൊക്കെ എത്രയോ ശ്രേഷ്ഠമാണ് സമൂഹം ആദരിച്ചില്ലെങ്കിലും അന്തസോടെ ജോലി ചെയ്തു കൂലി വാങ്ങിക്കുന്നത്. ഇത്തരത്തിൽ ജോലിയുടെ മഹത്വം അഥവാ 'ഡിഗ്നിറ്റി ഓഫ് ലേബർ' ഇന്ത്യക്കാരെ പഠിപ്പിക്കുവാൻ വളരെയധികം യത്നിച്ച വ്യക്തിയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി. മഹാത്മാ ഗാന്ധി പണ്ട് ദളിത് കോളനിയിൽ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കി. ഗാന്ധിജിയുടെ വാക്കുകൾ അനുസരിച്ച് ശിഷ്യനായ വിനോബ ഭാവെയും അത് തന്നെ ചെയ്തു. ജോലിയുടെ മഹത്വം (dignity of labour)  എന്ന മഹത്തായ ആശയം ജനങ്ങളെ പഠിപ്പിക്കുവാൻ യത്നിക്കുകയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ്. ദളിതർക്ക് അവരുടെ തൊഴിലിൽ ലഭിക്കേണ്ട മാന്യതയും അതേ സമയം തന്നെ ഉന്നത ജാതിക്കാർ തൂപ്പ് ജോലി ചെയ്യേണ്ട കാര്യവും ഊന്നി പറയുകയായിരുന്നു ഗാന്ധി തൻറ്റെ കക്കൂസ് വൃത്തിയാക്കലിലൂടെ ചെയ്തത്.

വിംബിൾഡൺ ടെന്നീസ് കളിയുടെ ഫൈനൽ കണ്ടിട്ടുള്ളവർ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ട്രോഫി കൊടുക്കാൻ വരുന്ന ഡ്യൂക്കും, ഡ്യൂക്കിൻറ്റെ പത്നിയും ആദ്യം കൈ കൊടുക്കുന്നത് പന്ത് പെറുക്കുന്ന പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ആണ്; അലാതെ ചാമ്പ്യനല്ല. ഇന്ത്യയിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യം ആണത്. എല്ലാ ജോലികളേയും, ജോലി ചെയ്യുന്നവരുടെ സംഭാവനകളെയും ആദരിക്കുന്ന ഒരു പ്രവൃത്തിയാണ് ഡ്യൂക്കും, ഡ്യൂക്കിൻറ്റെ പത്നിയും പന്ത് പെറുക്കുന്ന പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും കൈ കൊടുക്കുന്നതിലൂടെ കാണിക്കുന്നത്. 'ചെങ്കോൽ' സിനിമയിലെ സേതുമാധവനും കുടുംബം പുലർത്തുന്നത് മീൻ വിൽക്കുന്നതിലൂടെയാണ്. ജയിലിൽ പോയത് കൊണ്ട് പഴയ മൂല്യബോധങ്ങളിൽ നിന്ന് സേതുമാധവൻ മുക്തനായി. ഇന്ത്യക്കാർ ഇങ്ങനെ പഴയ മൂല്യബോധങ്ങളിൽ നിന്ന് മുക്തരാവാനും, ജോലിയുടെ മഹത്വം അഥവാ 'ഡിഗ്നിറ്റി ഓഫ് ലേബർ' അംഗീകരിക്കുവാനും ഇനിയും എത്ര നാൾ പിടിക്കും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ