2017 ജൂലൈ 27, വ്യാഴാഴ്‌ച

ബീഹാറിൽ നിതീഷ് കുമാറിൻറ്റെ രാജിയും മുന്നോട്ടുള്ള നീക്കങ്ങളും

രണ്ട് വര്‍ഷം മുമ്പാണ് ബദ്ധ വൈരികളായിരുന്ന ആര്‍.ജെ.ഡി.-യും ജെ.ഡി.-യുവും ഒന്നിച്ചത്. കോണ്‍ഗ്രസും ഒപ്പമുണ്ടായിരുന്നു. 2015 ജൂലൈയില്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു ബി.ജെ.പി.-യ്‌ക്കെതിരായുള്ള മഹാസഖ്യം രൂപീകരിച്ചത്. ആ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം ബി.ജെ.പി.-യെ തറ പറ്റിയ്ക്കുകയും ചെയ്തു. ലാലു പ്രസാദ് യാദവിൻറ്റെ ആര്‍.ജെ.ഡി.-യ്ക്കായിരുന്നു കൂടുതല്‍ സീറ്റ് ലഭിച്ചത്. എങ്കിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ രണ്ടു വർഷത്തിനിപ്പുറം ഇപ്പോൾ ബി.ജെ.പി.-യുമായുള്ള ബന്ധം ഉറപ്പിക്കാനുള്ള തന്ത്രമായിരുന്നു നേരത്തത്തെ രാജിയെന്ന് മണിക്കൂറുകള്‍ക്കകം വ്യക്തമായി. രാജി വച്ച് ഒരു രാത്രി പിന്നിട്ടപ്പോള്‍ ബി.ജെ.പി. പിന്‍തുണയോടെ നിധീഷ് വീണ്ടും മുഖ്യമന്ത്രിയായി സസ്ഥാനമേറ്റു. നിയമസഭയിലെ ബി.ജെ.പി. നേതാവ് സുശീല്‍ മോദിയെ ഉപമുഖ്യമന്ത്രിയുമാക്കി.

ലാലു പ്രസാദ് യാദവിൻറ്റെ അഴിമതിക്കഥകൾ കഴിഞ്ഞ ദിവസമോ മറ്റോ അറിയുന്നത് പോലെയായിരുന്നു നിതീഷ് കുമാറിൻറ്റെ നാടകങ്ങൾ!!! ലാലു പ്രസാദ് യാദവിൻറ്റെ തോളിൽ കയ്യിട്ട് ഒരു മഹാ സഖ്യം ഉണ്ടാക്കിയപ്പോൾ ലാലുവിൻറ്റെയോ, അദ്ദേഹത്തിൻറ്റെ കുടുംബക്കാരുടെയോ   അഴിമതി കഥകൾ നിതീഷ് കുമാർ അറിഞ്ഞിട്ടേ ഇല്ലായിരുന്നുവോ? മഹാസഖ്യം അധികാരത്തിലെത്തി അധികം വൈകുന്നതിന് മുമ്പു തന്നെ മന്ത്രിസഭയിലും മഹാസഖ്യത്തിലും അസ്വാരസ്യം തുടങ്ങുന്നതിന് ഒരു പ്രധാന കാരണം ലാലു പ്രസാദ് യാദവിൻറ്റെ ഏകാധിപത്യ സ്വഭാവമാണെന്നുള്ളത് ആർക്കും നിഷേധിക്കുവാൻ ആവില്ല. തികഞ്ഞ ഫ്യുഡൽ, കുടുംബാധിപത്യ മൂല്യങ്ങളാണ് ലാലുവിനും അദ്ദേഹത്തിൻറ്റെ പാർട്ടിയായ ആർ.ജെ. ഡി-യ്ക്കുമുള്ളത്. പിന്നെ പിരിയാതെ രക്ഷയില്ല. പക്ഷെ പിരിയുന്നതിനു കാരണം ഉണ്ടാക്കിയെ പറ്റൂ. ഈ സി. ബി. ഐ. റെയ്ഡും, പിന്നീട് ഉണ്ടായ ആരോപണങ്ങളും, രാഷ്ട്രപതി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാതിരുന്നതുമെല്ലാം ബി.ജെപി.-യുമായി സഖ്യത്തിലേർപ്പെടാനുള്ള കാലേ കൂട്ടി ഉണ്ടാക്കിയ വലിയൊരു പദ്ധതി തന്നെയായിരുന്നു എന്നാണ് ഇപ്പോൾ തെളിയുന്നത്. 

ഈ നാടകത്തിന് പൂര്‍ണ്ണ ഉത്തരവാദികള്‍ കോണ്‍ഗ്രസിനും, ലാലുവിനും അദ്ദേഹത്തിൻറ്റെ പാർട്ടിയായ ആർ.ജെ. ഡി-യ്ക്കും ആണ് എന്ന്‌ പറയാതെ വയ്യ. ഈ പാർട്ടികളിലുള്ള നേതാക്കൾക്കൊക്കെ ഇത്രയും ബുദ്ധിശൂന്യത യും, രാഷ്ട്രീയ പാപ്പരത്ത്വവും സംഭവിക്കുമോ? നിധീഷിൻറ്റെ കണ്ണ് ബി.ജെ.പി.-യിലാണെന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനു പിന്തുണ പ്രഖ്യാപിച്ച ഉടന്‍  തന്നെ വ്യക്തമായിരുന്നു.  ബി.ജെ.പി.-ക്ക് എതിരെ മത്സരിച്ച് മഹാസഖ്യം നയിച്ച നിധീഷാണ് ബി.ജെ.പി. സഖ്യത്തിലുള്ള ഘടക കക്ഷികളെക്കാള്‍ മുമ്പേ കേറി കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചത്. ആ സമയത്ത് തന്നെ നിധീഷിനുള്ള പിന്തുണ പിന്‍വലിച്ച് പുറത്ത് വന്നിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പോലെ ഒരു രാഷ്ട്രീയ  നാണക്കേടില്‍ കോണ്‍ഗ്രസ് ചെന്നു പതിക്കുമായിരുന്നില്ല. തന്ത്രശാലിയായ ലാലു പ്രസാദ് യാദവിനും  ആ ബുദ്ധി തോന്നിയില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ പാര്‍ട്ടിയുടെ കാലുറപ്പിക്കാന്‍ പ്രധാനമന്ത്രി  മോദിയും അമിത്ഷായും ഒരുക്കൂട്ടിയ കെണിയില്‍ നിധീഷ് വീണു. കോണ്‍ഗ്രസുകാര്‍ക്ക് ആ കെണി കാണാനും കഴിഞ്ഞില്ല. ഇത്തരത്തിലുള്ള രാഷ്ട്രീയ പാപ്പരത്ത്വം ഇനിയും കാട്ടുകയാണെങ്കിൽ കോണ്‍ഗ്രസിൻറ്റെ  ഭാവി അധോഗതിയിലേക്കാണ് എന്ന്‌ നിസംശയം പറയാം.


ബി.ജെ.പി. ഇതേ തന്ത്രം വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇനിയും പയറ്റാൻ സാധ്യത ഉണ്ട്. നാട്ടിലെ സകല മാധ്യമങ്ങളും ഈ സൂചനകള്‍ എല്ലാം ഉറക്കെ വിളിച്ചു പറയുമ്പോഴും കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം ഉറക്കത്തിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രത്യേകിച്ച് തമിഴ്‌നാട്, കര്‍ണാടകം, കേരളം -എന്നീ സംസ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ബി.ജെ.പി.-യുടെ അടുത്ത നീക്കമെന്നുറപ്പായിട്ടുണ്ട്. അണികളെ ആകര്‍ഷിക്കാതെ തന്നെ കേന്ദ്രഭരണത്തിൻറ്റെ തണലില്‍ ചെറിയ രാഷ്ട്രീയ പാര്‍ട്ടികളെ ഉപയോഗിച്ചുള്ള അധികാര കസര്‍ത്തിലാണ് ബി.ജെ.പി.-ക്ക് താല്‍പര്യം. വിശാലമായ മതേതര ചേരിയുടെ ആവശ്യകത ശക്തമാകുമ്പോള്‍ നേതൃത്വം നല്‍കേണ്ട കോണ്‍ഗ്രസ്സ് എവിടെയെന്നാണ് ജനാധിപത്യ വിശ്വാസികള്‍ ആശങ്കപ്പെടുന്നത്. രാഷ്ട്രീയം സമയത്ത് പ്രയോഗിക്കേണ്ട സര്‍ഗാത്മക ഭാവനകളുടെ ക്രിയാത്മക ഇടപെടലാവണം. പ്രായോഗിക അനുഭവവും, പ്രവര്‍ത്തന പാരമ്പര്യവും ഉള്ളവരുടെ അഭാവത്തില്‍ അധികാരത്തിനു വേണ്ടി ഇന്ത്യന്‍ ജനാധിപത്യത്തെ നോക്കി പല്ലിളിച്ച് കാണിക്കുകയാണ് നിതീഷ് കുമാർ ഇപ്പോൾ. നിതീഷ് കുമാറിനെ പോലുള്ളവരെ ആരു പ്രതിരോധിക്കും എന്ന ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്.

പക്ഷെ ലാലു പ്രസാദ് യാദവിനെ എഴുതി തള്ളാൻ ഒരിക്കലും ആവില്ല. ജനങ്ങളോട് സംവദിക്കുവാൻ നിതീഷ് കുമാറിനേക്കാൾ അറിയാവുന്ന ഒരു നേതാവാണ് അദ്ദേഹം. തൻറ്റെ ഗ്രാമീണ ഭാഷയിൽ ജനങ്ങളോട് സംവദിക്കുന്ന ലാലു പ്രസാദ് യാദവിന് ഇപ്പോഴും വലിയ ജന പിന്തുണയുണ്ട്. കൂടാതെ ബീഹാറിൻറ്റെ ജാതി രാഷ്ട്രീയത്തിൽ യാദവ്-മുസ്‌ലിം-ദളിത് കൂട്ടുകെട്ട് ഉണ്ടാക്കാൻ സാധിച്ചാൽ അദ്ദേഹത്തിന് വിജയമായി. ഒപ്പം കോൺഗ്രസിൻറ്റെ വോട്ടുകൾ കൂടി കിട്ടിയാൽ അദ്ദേഹത്തിന് വൻ വിജയം ഉറപ്പിക്കാം. മറു വശത്തു ഠാക്കൂർ-ബ്രാഹ്മണ-ഭൂമിഹാർ സഖ്യത്തിനായിരിക്കും നിതീഷ് കുമാർ ശ്രമിക്കുന്നത്. ഒപ്പം പസ്വാനെ പോലുള്ള ദളിത് നേതാക്കളുടെ പിന്തുണ കൂടിയുണ്ട്. ബീഹാറിൽ മുസ്‌ലിം വോട്ട് നിർണായകമാണ്. അത് ഇപ്പോഴത്തെ ബി.ജെ.പി. ബാന്ധവത്തിലൂടെ എന്തായാലും നിതീഷ് കുമാറിന് നഷ്ടമാകും. പക്ഷെ ഇനി എല്ലാവരും ശ്രദ്ധിക്കേണ്ടത് നിതീഷ് കുമാറിൻറ്റെ ഭരണത്തിലേക്കാണ്. വികസനമില്ലായ്മയാണ് ബീഹാറിൻറ്റെ പ്രധാന പ്രശ്നം. മറ്റു സംസ്ഥാനങ്ങളിലെ പോലെ ബീഹാറിലും വികസനം ആഗ്രഹിക്കുന്ന ഒരു യുവ തലമുറ ഇപ്പോൾ ബീഹാറിലുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനൊക്കെ നേരത്തെ നിതീഷ് കുമാർ ഊന്നൽ കൊടുത്തെങ്കിലും അതൊക്കെ വികസനത്തിനോടൊപ്പം നിന്നാലേ പൂർണമായും ഫലപ്രദമാകൂ. ഒപ്പം ക്രമ സമാധാന പ്രശ്നം ബീഹാറിൽ വളരെയധികം ഉണ്ട്. ക്രമ സമാധാന പ്രശ്നമാണ് ബി.ജെ.പി. സമാജ് വാദി പാർട്ടിയ്ക്കെതിരെ ഉത്തർ പ്രദേശിൽ മുഖ്യമായി ഉയർത്തിയ വിഷയം. പക്ഷെ ഇപ്പോൾ കൂട്ട ബലാത്സംഗങ്ങളും, കൊലപാതകങ്ങളും, സഹരാൻപൂറിൽ ദളിത്-ഠാക്കൂർ സംഘർഷങ്ങളും ഒക്കെയായി ഉത്തർ പ്രദേശിലെ സ്ഥിതി വളരെ മോശമാണ്. അത് ബീഹാറിലും ആവർത്തിച്ചാൽ നിതീഷ് കുമാറിൻറ്റെ കാര്യം കട്ട പുകയായിരിക്കും എന്നത് കാലേ കൂട്ടി പ്രവചിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ